Zygo-Ad

കേരളത്തില്‍ നിന്ന് ബെംഗളുരുവിലേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് മരണം, നിരവധി പേര്‍ക്ക് പരുക്ക്


ബംഗളൂരു: കേരളത്തില്‍ നിന്നുള്ള ബസ് ലോറിയുമായി കൂട്ടിയിടിച്ച്‌ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് മരണം. 

ബസ് ഡ്രൈവർ മാനന്തവാടി സ്വദേശി ഷംസുദ്ദീൻ, ക്ലീനർ കോഴിക്കോട് സ്വദേശി പ്രിയേഷ് എന്നിവരാണ് മരിച്ച മലയാളികള്‍.

മരിച്ച മറ്റു രണ്ടു പേർ കർണാടക സ്വദേശികളാണ്. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് മൈസൂരു ഹുൻസൂരില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്.

ഡി.എല്‍.ടി ട്രാവല്‍സിന്റെ സ്ലീപ്പർ ബസ് സിമൻറ് ലോറിയുമായി കൂട്ടിയിടിച്ച്‌ ആണ് അപകടമുണ്ടായത്. അപകടത്തില്‍ ഇരുപതിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ഹുൻസൂരിലെയും മൈസൂരുവിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ 3.30 ഓടെ ആയിരുന്നു അപകടം. മൈസൂരു-മടിക്കേരി റോഡില്‍ ഹുൻസൂർ താലൂക്കിലെ ജഡഗനകൊപ്പലുവിനു സമീപമാണ് അപകടമുണ്ടായത്. ഹുൻസൂരിലെ വനമേഖലയിലായിരുന്നു അപകടം. 

അപകടം നടന്ന സമയത്ത് കനത്ത മഴയും ഉണ്ടായിരുന്നു. ഇതിനാല്‍ രക്ഷാപ്രവർത്തനം വൈകിയാണ് നടത്താനായത്. നേരം പുലർന്ന് ഏഴുമണിയോടെയാണ് മൃതദേഹം പുറത്തെടുക്കാനായത്.

വ്യാഴാഴ്ച രാത്രി തുടർച്ചയായി പെയ്ത കനത്ത മഴയില്‍ റോഡരികില്‍ വീണ ഒരു ഉണങ്ങിയ മരം അപകടത്തിന് കാരണമായതായി നാട്ടുകാർ പറഞ്ഞു.

 പെട്ടെന്ന് മരം വീണത് കണ്ട ബസ് ഡ്രൈവർ വാഹനം റോഡിന്റെ ഇടതുവശത്ത് നിന്ന് വലതുവശത്തേക്ക് മാറ്റി, എതിർദിശയില്‍ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ