തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചു.
വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിന് വേണ്ടി ധാരണ പത്രത്തില്‍ ഒപ്പുവച്ചത്. മൂന്ന് വര്‍ഷമായി കേരളം എതിര്‍ത്ത് പോന്നിരുന്ന പദ്ധതിയുമായി സഹകരിച്ചതോടെ തടഞ്ഞുവച്ച ഫണ്ട് ഉള്‍പ്പെടെ കേരളത്തിന് ലഭ്യമാകും. 1500 കോടിയുടെ എസ്‌എസ്‌എ ഫണ്ടായിരിക്കും കേരളത്തിന് ലഭ്യമാകുക.
മന്ത്രിസഭാ യോഗത്തില്‍ സിപിഐ ഉയര്‍ത്തിയ എതിര്‍പ്പ് ഉള്‍പ്പെടെ മറികടന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കം. കേരളം ദേശീയ വിദ്യാഭ്യാസ ചട്ടക്കൂട് അംഗീകരിക്കേണ്ടി വരുമെന്ന സാഹചര്യമായിരുന്നു സിപിഐ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
എതിര്‍പ്പ് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ ഉള്‍പ്പെടെ കണ്ടിരുന്നു.
കേരളം ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച് 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) പൂര്‍ണതോതില്‍ സംസ്ഥാനത്തു നടപ്പാക്കേണ്ടി വരും. 2020ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്.
14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃക സ്ഥാപനങ്ങളാക്കി ഉയര്‍ത്തുമെന്നാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 27,000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
ഇന്ത്യയിലെമ്പാടുമുള്ള കേന്ദ്ര, സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ നടത്തുന്ന സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഒരു ബ്ലോക്കില്‍ രണ്ട് സ്‌കൂളുകളായിരിക്കും കേരളത്തില്‍ പദ്ധതിയുടെ ഭാഗമാകുന്നത്.
2022-23 മുതല്‍ 2026-27 വരെയുള്ള അഞ്ച് വര്‍ഷങ്ങളിലായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതി പ്രകാരം സ്‌കൂളുകളുടെ സമഗ്രമായ വികസനം, സ്പോര്‍ട്സ്, സയന്‍സ്, ഐസിടി, ആര്‍ട്സ് എന്നിവയ്ക്കുള്ള പ്രോത്സാഹനം, ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍, ഔട്ട്ഡോര്‍ കളി സാമഗ്രികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം, സയന്‍സ് സര്‍ക്കിളുകള്‍, ഗണിത സര്‍ക്കിളുകള്‍, സംഗീതം, നൃത്ത സര്‍ക്കിളുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു.
കൃഷിയെ പ്രേത്സാഹിപ്പിക്കുന്ന തരത്തിലുള്ള പഠന രീതി, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, കാര്യങ്ങള്‍ പ്ലാസ്റ്റിക് വിമുക്തം, ജല സംരക്ഷണവും വിളവെടുപ്പും സംബന്ധിച്ച പഠനങ്ങളും ഉണ്ടായിരിക്കും. സ്‌കൂളുകള്‍ ഹരിത വിദ്യാലയങ്ങളായി വികസിപ്പിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
എന്നാൽ, പിഎം ശ്രീ പദ്ധതിയെച്ചൊല്ലി കോണ്‍ഗ്രസിലും അഭിപ്രായ ഭിന്നതയുണ്ടായി. പി എം ശ്രീ പദ്ധതിയുടെ ഫണ്ട് വാങ്ങുന്നതിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പിന്തുണച്ചു.
കേന്ദ്രത്തിന്റെ ഫണ്ട് വാങ്ങുന്നതിന് പ്രതിപക്ഷം എതിരല്ല. മോദിയുടെ വീട്ടില്‍ നിന്നല്ല കേന്ദ്ര ഫണ്ട് നല്‍കുന്നത്. ജനങ്ങളുടെ നികുതിപ്പണമാണ്. പണം നല്‍കുന്നതിനോടൊപ്പം അനാവശ്യമായി ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്ന നിബന്ധനകള്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു.
അതേ സമയം, പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എതിര്‍ത്തു. പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കം സിപിഎം - ബിജെപി ഡീലിന്റെ ഭാഗമാണ്.
കേരളത്തില്‍ കഴിഞ്ഞ കുറേ നാളുകളായി സിപിഎം-ബിജെപി ഡീലിന്റെ ഘടകങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് പിഎം ശ്രീ പദ്ധതി. സിപിഐ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വേണ്ടത്. സിലബസില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ അനുവദിക്കരുതെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
