Zygo-Ad

ചാനല്‍ മത്സരം നിയമ പോരാട്ടത്തിലേക്ക്; കോടികളുടെ മാനനഷ്ടക്കേസുമായി രാജീവ് ചന്ദ്രശേഖറും റിപ്പോര്‍ട്ടര്‍ ടിവിയും

 


കൊച്ചി: മലയാളത്തിലെ വാര്‍ത്താ ചാനലുകള്‍ തമ്മിലുള്ള കിടമത്സരം നിയമ പോരാട്ടത്തിലേക്ക് തിരിയുന്നു. എഷ്യാനെറ്റ് ന്യൂസ് മേധാവിയും റിപ്പോര്‍ട്ടര്‍ ടിവി¹യുമാണ് പരസ്പരം നിയമ നടപടിക്ക് ഒരുങ്ങിയിരിക്കുന്നത്. വ്യാജ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി. രാജീവ് ചന്ദ്ര ശേഖറുമായി ബന്ധമില്ലാത്ത ബിപിഎല്‍ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി വ്യാജവാര്‍ത്ത നല്‍കിയെന്നാണ് ആരോപണം.

അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരന്തരം വ്യാജ വാര്‍ത്തകള്‍ ചമച്ചെന്ന് ആരോപിച്ചാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ റിപ്പോര്‍ട്ടര്‍ ടിവിയുടെ നീക്കം. രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ 15 പേര്‍ക്കാണ് ആന്റോ അഗസ്റ്റിന്‍ മേധാവിയായ റിപ്പോര്‍ട്ടര്‍ ടിവി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 150 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. 

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടി വി ഉടമ ആന്റോ അഗസ്റ്റിന്‍, എഡിറ്റോറിയല്‍ മേധാവിമാരായ അരുണ്‍കുമാര്‍, സ്മൃതി പരുത്തിക്കാട്, ജിമ്മി ജയിംസ്, സുജയ പാര്‍വതി, തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍മാര്‍, കര്‍ണ്ണാടകയിലെ അഭിഭാഷകനായ കെ.എന്‍. ജഗദീഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കുന്നത്. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തി വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്തതെന്നു നോട്ടീസില്‍ പറയുന്നു.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തി വ്യാജ വാര്‍ത്ത ചെയ്തുവെന്നും ഇതുവഴി പാര്‍ട്ടിക്ക് വലിയ മാനനഷ്ടം സംഭവിച്ചെന്നും എറണാകുളത്തെ ആര്‍ വി എസ് അസോസിയേറ്റ് വഴി ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ അഡ്വ. എസ് സുരേഷ് ആരോപിക്കുന്നു. റിപ്പോര്‍ട്ടര്‍ ടി വി, ബി ജെ പി അധ്യക്ഷനെതിരെ ചെയ്ത മുഴുവന്‍ വ്യാജവാര്‍ത്തകളും ഏഴു ദിവസത്തിനകം പിന്‍വലിച്ച് മാപ്പ് പറയണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.

അതേസമയം, റിപ്പോര്‍ട്ടര്‍ നല്‍കിയ മറ്റൊരു ഹര്‍ജിയില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങളെ ബെംഗളുരു പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ കോടതി വിലക്കി. ഇതിന് പിന്നാലെയാണ് പുതിയ നോട്ടീസ്. രാജീവ് ചന്ദ്രശേഖറിന് പുറമേ സിന്ധു സൂര്യകുമാര്‍, വിനു വി ജോണ്‍, പി ജി സുരേഷ് കുമാര്‍, അബ്‌ജോദ് വര്‍ഗീസ്, അനൂപ് ബാലചന്ദ്രന്‍, ജോഷി കുര്യന്‍, അഖില നന്ദകുമാര്‍, ജെവിന്‍ ടുട്ടു, അശ്വിന്‍ വല്ലത്ത്, റോബിന്‍ മാത്യു എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.

വളരെ പുതിയ വളരെ പഴയ