Zygo-Ad

'കന്യകയുമായുളള ലൈംഗികബന്ധം മാനസികരോഗങ്ങള്‍ മാറ്റും'; 12കാരിയെ വാട്സ്‌ആപ്പില്‍ വില്‍പ്പനക്ക് വച്ചു; 2 പേര്‍ പിടിയില്‍


ബെംഗളൂരു: കർണാടകയില്‍ ആറാം ക്ലാസുകാരി ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ച സംഘം പിടിയില്‍. 

മൈസൂരു സിറ്റി പൊലീസാണ് സെക്സ് റാക്കറ്റ് സംഘത്തെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനായി ഇരുപത് ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ബെംഗളൂരു സ്വദേശിയായ ശോഭ, അവരുടെ സഹായി തുളസീകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. 

കന്യകകളായ പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ മാനസിക രോഗങ്ങള്‍ ഭേദമാകുമെന്ന് പ്രചരിപ്പിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. 'ഒടനടി സേവ സംസ്‌തേ' എന്ന എന്‍ജിഒയാണ് സംഘത്തെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.

എന്‍ജിഒയ്ക്കാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വില്‍ക്കാന്‍ ശ്രമിക്കുന്നത് സംബന്ധിച്ച വിവരം ലഭിച്ചത്. ശോഭ ഇത്തരം അന്ധ വിശ്വാസങ്ങളുളള ഉപയോക്താക്കളെ തിരയുന്നുണ്ടെന്ന വിവരമാണ് എന്‍ജിഒയ്ക്ക് ലഭിച്ചത്. 

പന്ത്രണ്ടും പതിമൂന്നും വയസ് പ്രായമുളള പെണ്‍കുട്ടികളെ വാട്‌സ്‌ആപ്പിലൂടെ ആവശ്യക്കാര്‍ക്ക് വീഡിയോകോള്‍ വഴി കാണിച്ചു കൊടുത്തതായും എന്‍ജിഒ കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഒരു എന്‍ജിഒ ജീവനക്കാരന്‍ ആവശ്യക്കാരനെന്ന വ്യാജേന ശോഭയെ സമീപിക്കുകയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൈസുരുവില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 

ശനിയാഴ്ച്ച രണ്ടു മണിയോടെ എത്താമെന്ന് ശോഭ അറിയിച്ചു. തുടര്‍ന്ന് എന്‍ജിഒ സ്ഥാപകരായ കെ വി സ്റ്റാന്‍ലിയും എം എല്‍ പരശുരാമയും വിജയനഗര്‍ പൊലീസുമായി ചേര്‍ന്ന് ഇവര്‍ക്കായി വലവിരിക്കുകയായിരുന്നു. 

ശോഭ എത്തി എന്‍ജിഒ ജീവനക്കാരനുമായി വിലപേശല്‍ ആരംഭിച്ചു. ശോഭ 20 ലക്ഷം രൂപയാണ് പെണ്‍കുട്ടിയെ ലൈംഗികബന്ധത്തിനായി നല്‍കുന്നതിന് ആവശ്യപ്പെട്ടത്. 

ആദ്യം കുട്ടിയുടെ അമ്മയാണെന്നും പിന്നീട് പെണ്‍കുട്ടി അവരുടെ സഹോദരിയുടെ മകളാണെന്നും പറഞ്ഞ ശോഭ അവസാനം അത് താന്‍ ദത്തെടുത്ത കുട്ടിയാണെന്ന് വരെ പറഞ്ഞു. 

പിന്നീടാണ് സെക്‌സ് റാക്കറ്റാണെന്ന് സമ്മതിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന തുളസീകുമാര്‍ ഭര്‍ത്താവാണെന്നാണ് ശോഭ പറഞ്ഞത്.

പൊലീസ് ഉടന്‍ തന്നെ ആറാംക്ലാസുകാരിയായ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കുകയും ചില്‍ഡ്രന്‍സ് ഹോമിലാക്കുകയും ചെയ്തു. ശോഭയെയും തുളസീകുമാറിനെയും അറസ്റ്റ് ചെയ്തു. 

ഇരുവരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. വിജയനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ ഇവര്‍ക്ക് എവിടെ നിന്നാണ് ലഭിച്ചത്, ശോഭയ്ക്ക് എങ്ങനെ കുട്ടിയെ ലഭിച്ചു തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം.

വളരെ പുതിയ വളരെ പഴയ