Zygo-Ad

തിരച്ചില്‍ വിഫലം;കൊല്ലൂര്‍ മൂകാംബികയില്‍ നിന്ന് കാണാതായ യുവതിയെ സൗപര്‍ണിക നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി


ഉടുപ്പി: ഓഗസ്റ്റ് 27 ന് ഉഡുപ്പി ജില്ലയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തില്‍ നിന്ന് കാണാതായ ബെംഗളൂരു സ്വദേശിനിയായ 45 കാരിയുടെ മൃതദേഹം കണ്ടെത്തി.

ഉഡുപ്പി സ്വദേശിനി വസുധ ചക്രവർത്തി (45) എന്ന യുവതിയുടെ മൃതദേഹമാണ് ശനിയാഴ്ച കൊല്ലൂരിലെ സൗപർണിക നദിയില്‍ നിന്ന് കണ്ടെത്തിയത്.

 ക്ഷേത്ര ഫോട്ടോഗ്രാഫറായിരുന്നു വസുധ ചക്രവർത്തി. ഓഗസ്റ്റ് 27 ന് ബെംഗളൂരുവില്‍ നിന്ന് കൊല്ലൂരിലേക്ക് ഒരു കാറില്‍ എത്തിയ വസുധയെ കാണാതാകുകയായിരുന്നു.

 കാർ പാർക്ക് ചെയ്ത ശേഷം പുറത്തേക്ക് പോയ യുവതി പിന്നീട് തിരിച്ചെത്തിയില്ലെന്ന് കാണിച്ച്‌ ഇവരുടെ അമ്മ വിമലാ ചക്രവർത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

മകളെ ഫോണില്‍ വിളിക്കാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. പിറ്റേ ദിവസം കൊല്ലൂരിലെത്തിയ വിമലാ ചക്രവർത്തി ക്ഷേത്രം ജീവനക്കാരുമായി ബന്ധപ്പെട്ടു.

മാനസികമായി അസ്വസ്ഥയായിരുന്ന വസുധ പിന്നീട് റോഡിലേക്ക് ഓടിപ്പോകുകയായിരുന്നുവെന്ന് ജീവനക്കാർ അറിയിച്ചു. ക്ഷേത്രത്തിന് സമീപത്തും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും 

യുവതിയെക്കുറിച്ച്‌ ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് വിമല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തില്‍, വസുധ സൗപർണിക നദിയിലേക്ക് ചാടി ഒഴുക്കില്‍പ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് നാട്ടുകാരും ബൈന്ദൂർ അഗ്നിരക്ഷാ സേനയും വിദഗ്ദ്ധ നീന്തല്‍ക്കാരനായ ഈശ്വർ മാല്‍പ്പെയുടെ നേതൃത്വത്തിലുള്ള സംഘവും തിരച്ചില്‍ ആരംഭിച്ചു.

യുവതി നദിയില്‍ ചാടിയ സ്ഥലത്ത് നിന്ന് മൂന്ന് കിലോ മീറ്റർ താഴെയുള്ള ഒരു കുറ്റിക്കാട്ടില്‍ നിന്നാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുത്ത് 

കാട്ടിലൂടെ പ്രധാന കരയിലേക്ക് കൊണ്ടു പോയി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറി. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉഡുപ്പി എസ്പി ഹരിറാം ശങ്കർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ