Zygo-Ad

പ്രവാസികള്‍ക്കായുളള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോര്‍ക്ക.

 


പ്രവാസികള്‍ക്കായുള്ള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ച്‌ നോർക്ക. പ്രവാസി കേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഒരുക്കുന്ന 'നോർക്ക കെയർ' പദ്ധതിയാണ് അവതരിപ്പിച്ചത്.പ്രവാസികള്‍ക്കു മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയാണ് 'നോർക്ക കെയർ' എന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. 'നോർക്ക കെയർ' പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഗ്ലോബല്‍ രജിസ്ട്രേഷൻ ഡ്രൈവും വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.നിലവില്‍ കേരളത്തിലെ 500-ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000-ഓളം ആശുപത്രികള്‍വഴി പ്രവാസികേരളീയർക്ക് ക്യാഷ് ലെസ് ആയി ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഭാവിയില്‍ ജിസിസി രാജ്യങ്ങളിലുള്‍പ്പെടെയുളള ആശുപത്രികളിലും പദ്ധതി ലഭ്യമാക്കാനാണ് ശ്രമം. പോളിസിയുടെ ഭാഗമായശേഷം നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പോളിസി പുതുക്കാനുളള സംവിധാനവും ഒരുക്കും. ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ എന്നത്. ലോകകേരള സഭയില്‍ ഉള്‍പ്പെടെ ഉയർന്ന ഈ ആശയത്തിന്റെ സാക്ഷാത്കാരമാണ് നോർക്ക കെയർ എന്നും പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.നോർക്ക കെയർ പദ്ധതിയെക്കുറിച്ച്‌ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി വാർത്താസമ്മേളനത്തില്‍ വിശദീകരിച്ചു. നോർക്ക വകുപ്പ് അഡീഷണല്‍ സെക്രട്ടറി സിന്ധു എസും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

നോർക്ക കെയർ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 സെപ്റ്റംബർ 22-ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവ്വഹിക്കും. ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. 2025 സെപ്റ്റംബർ 22 മുതല്‍ ഒക്ടോബർ 22 വരെയാണ് ഗ്ലോബല്‍ രജിസ്ട്രേഷൻ ഡ്രൈവ്.നവംബർ ഒന്നു മുതല്‍ നോർക്ക കെയർ പരിരക്ഷ പ്രവാസികേരളീയർക്ക് ലഭ്യമാകും. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും മിസ്സ്ഡ് കോള്‍ സർവ്വീസ്) ബന്ധപ്പെടാവുന്നതാണെന്നും പത്രസമ്മേളനത്തില്‍ നോർക്ക അധികൃതർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ