സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷത്തെ ഹജ്ജിന് 3791 പേര്‍ക്ക് കൂടി അവസരം ലഭിച്ചു. കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് സംസ്ഥാനങ്ങള്‍ക്കുള്ള സീറ്റുകള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുക്കി നിശ്ചയിച്ചപ്പോള്‍ അവസരം ലഭിച്ചത്.
തെരഞ്ഞെടുക്കപ്പെട്ടവരില്‍ 918 പേര് കഴിഞ്ഞ വര്‍ഷം അപേക്ഷ നല്കി കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും അവസരം ലഭിക്കാതെ ഇത്തവണ വീണ്ടും അപേക്ഷ നല്കിയ പ്രത്യേക പരിഗണന വിഭാഗത്തിലുള്ളവരാണ്.
58 പേര് പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത വനിത (വിത്തൗട്ട് മെഹ്റം) വിഭാഗത്തിലും ബാക്കിയുള്ളവര്‍ ജനറല്‍ വിഭാഗത്തിലുള്ളവരുമാണ്. ഇതോടെ കേരളത്തില്‍ നിന്ന് ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം 12,321 ആയി. നറുക്കെടുപ്പിലൂടെ വിവിധ വിഭാഗങ്ങളിലായി 8530 പേര്‍ക്കാണ് അവസരം ലഭിച്ചിരുന്നത്.
കഴിഞ്ഞ തവണ സംസ്ഥാനത്തു നിന്ന് 16,482 പേരാണ് പുറപ്പെട്ടത്. ഒഴിവുകള്‍ വരുമ്പോൾ ഹജ്ജ് ക്വാട്ട ഉയരുമെന്നാണ് പ്രതീക്ഷയെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു.
കാത്തിരിപ്പ് പട്ടികയില്‍ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഒക്ടോബര്‍ 11 നകം ആദ്യ ഗഡുവായ 1,52,300 രൂപ അടക്കണം.
ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ശാഖയിലോ ഓണ്‍ലൈനായോ ആണ് പണമടക്കേണ്ടത്.
തുടര്‍ന്ന് അപേക്ഷഫോമും അനുബന്ധ രേഖകളും പണമടച്ച പേ-ഇന്‍ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കല്‍ സ്ക്രീനിങ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഒക്ടോബര്‍ 18 നകം ഓണ്‍ലൈനായി ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയോ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ സമര്‍പ്പിക്കുകയോ ചെയ്യണം.
പരിശീലന ക്ലാസുകളില്‍ കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെട്ട ക്രമ നമ്പര്‍ 6000 വരെയുള്ളവരെ ഉള്‍പ്പെടുത്തിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസുമായോ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രയിനിങ് ഓര്‍ഗനൈസര്‍മാരുമായോ ബന്ധപ്പെടണം.
ഫോണ്‍: 0483-2710717. വെബ്സൈറ്റ്: