Zygo-Ad

26 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച്‌ പണയം വെച്ച്‌ ജീവനക്കാരി മുങ്ങി; കൊട്ടാരക്കരയില്‍ വൻ തട്ടിപ്പ്


കൊട്ടാരക്കര: ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച്‌ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വെച്ച്‌ ജീവനക്കാരി 26 ലക്ഷം രൂപയുമായി മുങ്ങി.

കൊട്ടാരക്കര ചെങ്ങമനാട് മണിരത്നം ഫിനാൻസിലാണ് തട്ടിപ്പ് നടന്നത്. പട്ടാഴി സ്വദേശിനിയായ ആര്യ മോഹനൻ (23) എന്ന ജീവനക്കാരിക്കെതിരെ സ്ഥാപന ഉടമ കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ആറു മാസം മുൻപാണ് ആര്യ ഈ സ്ഥാപനത്തില്‍ ജോലിക്കെത്തിയത്. ഓഗസ്റ്റ് 25-നും സെപ്റ്റംബർ 19-നുമായി പല തവണകളായി സ്ഥാപനത്തിൻ്റെ ലോക്കറില്‍ നിന്ന് 26 ലക്ഷം രൂപയുടെ പണയ സ്വർണാഭരണങ്ങള്‍ എടുത്ത ശേഷം മറ്റ് സ്വകാര്യ സ്ഥാപനങ്ങളില്‍ പണയം വെച്ച്‌ പണം കൈക്കലാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. 

കൂടുതല്‍ ബിസിനസ്സ് ചെയ്ത് സ്ഥാപന ഉടമയുടെയും സഹപ്രവർത്തകരുടെയും വിശ്വാസം നേടിയ ശേഷമാണ് ആര്യ തട്ടിപ്പ് നടത്തിയത്. 

എന്നാല്‍, സ്ഥാപനത്തിലെ ഓഡിറ്റിങ്ങിലാണ് ഈ തട്ടിപ്പ് പുറത്തു വന്നത്. തുടർന്ന് റീജണല്‍ മാനേജർ കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ