കൊച്ചി: സംസ്ഥാനത്തെ എയർപോർട്ടുകളില്‍ നിന്ന് വിന്‍റര്‍ സീസണ്‍ വിമാന സര്‍വീസുകള്‍ മംഗളൂരു, ലഖ്നൗ, ജയ്പൂര്‍ എന്നിവിടങ്ങളിലേയ്ക്ക് മാറ്റിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്ര വ്യേമയാന മന്ത്രാലയത്തിന് അയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നോർക്ക പ്രൊഫഷണല്‍ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റിനോടനുബന്ധിച്ച് മെല്‍ബണ്‍ എയർപോർട്ട് പ്രോജക്‌ട് മാനേജരായ ആഷിഖ് അഹമ്മദിന്‍റെ കേരള എയർടെക് കോറിഡോർ എന്ന ആശയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസികള്‍ക്ക് സഹായകരമായി ഉയർന്നു വന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് ഉള്‍പ്പെടെയുള്ള വിമാനങ്ങളാണ് വഴിതിരിച്ചുവിടുന്നത്.
ഇത് ഇവിടെത്തന്നെ പുനസ്ഥാപിക്കണം എന്നതാണ് കേരളത്തിന്‍റെ ആവശ്യം. ഫ്ലൈറ്റുകള്‍ ഏറ്റവും കൂടുതല്‍ ഇല്ലാതാകുന്നത് കണ്ണൂർ എയർപോർട്ടിനാണെന്നും, പോയിന്‍റ് ഓഫ് കോള്‍ സൗകര്യം ലഭിക്കാത്തതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കണ്ണൂർ വിമാനത്താവളത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഒറ്റ ഡിജിറ്റല്‍ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാനുള്ള 'കേരള എയർടെക് കോറിഡോർ എന്ന ആശയം സംസ്ഥാനത്തിന് കരുത്തുപകരുന്ന ഒന്നാണ്. ടയർ 2, ടയർ 3 നഗരങ്ങളിലേക്കുള്ള വളർച്ച സാധ്യമാക്കുന്ന ഈ ആശയം ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രമുഖ ഓസ്‌ട്രേലിയൻ സ്ഥാപനങ്ങളുമായും വ്യവസായങ്ങളുമായും കേരളത്തിലെ മികച്ച സർക്കാർ, സ്വകാര്യ സർവ്വകലാശാലകളെ ബന്ധിപ്പിക്കാനുള്ള ന്യൂകാസില്‍ സർവ്വകലാശാലയിലെ ലോറേറ്റ് പ്രൊഫസറും ഡയറക്ടറുമായ പ്രൊഫ. അജയൻ വിനുവിന്‍റെ ആശയം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ കരുത്തും വിദ്യാർത്ഥികള്‍ക്ക് മികച്ച പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ട്രോയ് യൂണിവേഴ്സിറ്റി പ്രൊഫ. ഡോ പ്രിയ മുന്നോട്ടുവെച്ച ഇന്റർനാഷണല്‍ നോളജ് എക്സ്ചേഞ്ച് പ്ലാറ്റ്ഫോം എന്ന ആശയം മികച്ചതാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇതിന്റെ മറ്റു വിശദാംശങ്ങള്‍ തുറന്ന് ചർച്ച ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.
മുതിർന്ന പൗരൻമാർക്കായുള്ള 'സ്നേഹക്കൂട്' എന്ന എയ്ഞ്ചല്‍ മൗണ്ട് കെയർ ഹോം സ്ഥാപക ഷിനു ക്ലെയർ മാത്യൂസിന്‍റെ ആശയത്തില്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനുമായി തുടർ ചർച്ചകള്‍ നടത്തുന്നത് ഉചിതമായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാരുടെ സന്തോഷവും ആരോഗ്യവും നിലനിർത്താൻ ആവശ്യമായ എല്ലാ നടപടികളുമായിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
നിലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസ സൗകര്യങ്ങള്‍ ഉള്‍പ്പടെ ഒരുക്കാനുള്ള ശ്രമങ്ങള്‍ ഈ മേഖലയില്‍ നടന്നുവരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഫ്ലോറിഡ ഇന്‍റർനാഷണല്‍ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. മുഹമ്മദ് അബ്ദുല്‍ മുനീർ മുന്നോട്ട് വെച്ച 'അഡ്വാൻസ് ബ്രെയിൻ ഹെല്‍ത്ത് എജുക്കേഷൻ പ്രോഗ്രാം' മികച്ച ആശയമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇത് എങ്ങനെ പ്രാവർത്തികമാക്കാമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.