കരൂരില്‍ സംഘടിപ്പിച്ച റാലിയില്‍ വിജയ്‌യെ കാണാനുള്ള തിക്കിലും തിരക്കിലുംപെട്ട് 39 പേരാണ് മരിച്ചത്. 9 കുട്ടികളും 17 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളില്‍ നിന്നുള്ള വിവരം. 17 പേരുടെ നില അതീവ ഗുരുതരമാണ്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും തെറ്റിച്ചാണ് റാലി നടത്തിയതെന്ന വിമര്‍ശനം ശക്തമാണ്. 100-ലേറെ പേര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
തമിഴ്‌നാട് കണ്ട ഏറ്റവും വലിയ ദുരന്തമായി കരൂരിലെ അപകടം മാറിയിരിക്കുകയാണ്. ദുരന്തസ്ഥലത്തേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ സ്വകാര്യ വിമാനത്തില്‍ നാളെയെത്തും. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം കരൂരിലേക്കു പുറപ്പെട്ടു. ട്രിച്ചി, ഡിണ്ടിഗല്‍ കലക്ടര്‍മാര്‍ സ്ഥലത്തെത്തി.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായത്. രാഷ്ട്രീയ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എന്നതിലുപരി വിജയ്‌യെ കാണാന്‍ പിഞ്ചുകുട്ടികളെയും കൂട്ടി വന്നവരാണ് വന്‍ ദുരന്തത്തില്‍ പെട്ടത്.
ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും കുഴഞ്ഞു വീണവരില്‍ ഉള്‍പ്പെടുന്നു. ജനബാഹുല്യം മൂലം ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യവുമുണ്ടായി. അപകടത്തെ തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച് ജനങ്ങളോട് സംയമനം പാലിക്കാനും ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാനും മൈക്കിലൂടെ അഭ്യര്‍ഥിച്ചു.
മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചു.
സംഭവത്തെ തുടര്‍ന്ന് വിജയ് പ്രസംഗം പൂര്‍ത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങിയതും വിമര്‍ശനത്തിന് കാരണമായി. മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തയാറാകാത്ത വിജയ് ചെന്നൈയിലേക്കു മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ പാര്‍ട്ടിയായതിനാല്‍ തന്നെ ടിവികെയ്ക്ക് ഇത്തരമൊരു വലിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശേഷിയില്ല. വിജയ്‌യെ മാത്രം കേന്ദ്രീകരിച്ചാണ് പാര്‍ട്ടി മുന്നോട്ടു പോകുന്നത്.
ദുരന്തത്തില്‍ എങ്ങനെ പ്രതികരിക്കണം എന്നറിയാതെ പാര്‍ട്ടി നേതൃത്വം പകച്ചു നില്‍ക്കുകയാണ്. സംഭവത്തില്‍ വിജയ്‌ക്കെതിരെ കേസെടുത്തേക്കും. പതിനായിരം പേര്‍ക്ക് പങ്കെടുക്കാനുള്ള അനുമതിയാണ് നല്‍കിയിരുന്നത്.
'എന്റെ ഹൃദയം തകർന്നിരിക്കുന്നു; വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത അസഹനീയമായ വേദനയിലും ദുഃഖത്തിലും ഞാൻ പുളയുകയാണ്.
കരൂരില്‍ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനവും സഹതാപവും അറിയിക്കുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു', നടൻ എക്‌സില്‍ കുറിച്ചു.
ദുരന്തം നടന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് വിജയ്‍യുടെ പ്രതികരണം.
സംസ്ഥാന വ്യാപകമായി വിജയ് നടത്തുന്ന പ്രചരണ പരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ചയും റാലി സംഘടിപ്പിച്ചത്. പര്യടനത്തിന്റെ മൂന്നാം ഘട്ടമാണ് കരൂരില്‍ ഇന്ന് നടന്നത്.
റാലിക്കായി വിവിധയിടങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. കുഴഞ്ഞു വീണവരെ കരൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അര്‍പ്പിച്ചു. ദൗര്‍ഭാഗ്യകരമായ സംഭവമെന്നും കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേ സമയം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകള്‍. തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു.
വിജയ്‌യുടെ കരൂർ റാലിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി. സംഭവത്തില്‍ വിജയ്ക്കെതിരെ കേസെടുക്കാനാണ് സാധ്യത.





