Zygo-Ad

കേന്ദ്രമന്ത്രി 'സുരേഷ് ഗോപിയെ കാണാനില്ല'; പോലീസില്‍ പരാതി നല്‍കി കെഎസ്‍യു നേതാവ്


തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‍യു നേതാവ്. കെഎസ്‍യു തൃശൂര്‍ ജില്ലാ അധ്യക്ഷൻ ഗോകുല്‍ ആണ് ഗുരുവായൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്.

സുരേഷ് ഗോപിയുടെ തിരോധാനത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ പറയുന്നു.

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നത്. 

തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി എംപിയെ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കെതിരായ നടപടികള്‍ക്കു ശേഷം എവിടെയും കാണാനില്ലാത്ത സാഹചര്യമാണെന്നാണ് ഗോകുല്‍ പരാതിയില്‍ ഉന്നയിക്കുന്നു. 

ഇതിനാല്‍ കേന്ദ്ര സഹമന്ത്രിയുടെ തിരോധാനത്തിന് പിന്നില്‍ ആരാണെന്നും അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്ന് പറഞ്ഞു കൊണ്ടാണ് പരാതി.

സുരേഷ് ഗോപിയെ കാണാനില്ലെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി കെ ശിവൻകുട്ടിയും പ്രതികരിച്ചിരുന്നു. കന്യാസ്ത്രീകളുടെ വിഷയമടക്കം ഉണ്ടായപ്പോഴും സുരേഷ് ഗോപിയെ എവിടെയും കണ്ടില്ലെന്നും അദ്ദേഹം ഒളിവു ജീവിതത്തിലാണോയെന്നും കെ ശിവൻകുട്ടി പരിഹസിച്ചിരുന്നു.

സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 

ദില്ലിയിലേക്ക് അയച്ച നടനെ കാണാനില്ലെന്നും പൊലീസില്‍ അറിയിക്കണോയെന്നാണ് ആശങ്കയെന്ന് പറഞ്ഞു കൊണ്ട് മാർ യൂഹാനോൻ മിലിത്തോസ് ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമര്‍ശനം നടത്തിയത്.

“ഞങ്ങള്‍ തൃശ്ശൂരുകാർ തെരഞ്ഞെടുത്ത് ദില്ലിയിലെക്കയച്ച ഒരു നടനെ കാണാനില്ല , പൊലീസില്‍ അറിയിക്കണമോ എന്ന ആശങ്ക !” എന്നായിരുന്നു തൃശ്ശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനു പിന്നാലെയാണിപ്പോള്‍ എംപിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് വ്യക്തമാക്കി കെഎസ്‍യു പരാതിയുമായി പൊലീസിനെ സമീപിച്ചത്.

 മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തിലും അതിനു ശേഷം ഒഡീഷയിലും ബിഹാറിലുമടക്കം കന്യാ സ്ത്രീകള്‍ക്കും വൈദികര്‍ക്കു നേരെ അതിക്രമം ഉണ്ടായ സംഭവങ്ങളിലുമടക്കം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല.

വളരെ പുതിയ വളരെ പഴയ