കൊച്ചി: ഫോര്‍ട്ട് സ്‌റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഒന്നാം പ്രതിക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്ന വിധി ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്.
2005 സെപ്തംബര്‍ 27നാണ് മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെ പോലിസ് കസ്റ്റഡിയിലെടുത്തത്.
ആക്രിക്കടയില്‍ ജോലിക്കാരനായിരുന്ന ഉദയകുമാറിന് പോലിസ് കസ്റ്റഡിയില്‍ നേരിടേണ്ടി വന്നത് മൂന്നാം മുറയടക്കമുള്ള പീഡനങ്ങളായിരുന്നു.
ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നീ പൊലീസുകാര്‍ ചേര്‍ന്നാണ് ഉദയകുമാറിനുമേല്‍ മൂന്നാംമുറ പ്രയോഗിച്ചത്. ഇയാള്‍ക്കെതിരേ കേസ് ചാര്‍ജ് ചെയ്യാതെയാണ് ഇയാളെ കസ്റ്റഡിയെിലെടുത്തത്.
ക്രൂരമായ മര്‍ദ്ദനത്തില്‍ ഉദയകുമാര്‍ മരിക്കുകയായിരുന്നു. ശേഷം, എസ്‌ഐ അജിത് കുമാറും സി.ഐ ഇ.കെ സാബുവുമായി ഗൂഢാലോചന നടത്തി കള്ളക്കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു.
ഉദയകുമാറിനെതിരേ വ്യാജ എഫ് ഐ ആറും കള്ള സാക്ഷികളെയും പോലിസ് ഉണ്ടാക്കി. വഴിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടയാളാണ് എന്നാണ് ഉദയകുമാറിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ പറഞ്ഞത്. കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനിക്കുന്നത്.