ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വേടന്‍ ഒളിവിലാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വേടന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനായുള്ള പൊലീസിന്റെ നടപടി. പുലിപ്പല്ല് കേസില്‍ വേടന്റെ പാസ്പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്തിരുന്നെങ്കിലും പിന്നീട് അത് ഉപാധികളോടെ വിട്ടുനല്‍കിയിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയിലാണ് വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു ഡോക്ടറുടെ മൊഴി. 2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായും യുവതി മൊഴി നല്‍കിയിരുന്നു.
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം വേടന്‍ എവിടെയാണ് എന്നതില്‍ ആര്‍ക്കും വ്യക്തതയില്ല. വേടന്റെ സംഗീത ഷോകളും റദ്ദാക്കിയിട്ടുണ്ട്. വേടന്റെ മുന്‍കൂര്‍ ജാമ്യം 18ാം തിയതിയാണ് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്നത്. ഇതിന് മുന്‍പായി പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്.