രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഒരു രാത്രി മുഴുവന്‍ സ്‌കൂളിനുള്ളില്‍ കുടുങ്ങി. ഒഡീഷയിലെ കേന്ദുഝര്‍ ജില്ലയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം.
വെള്ളിയാഴ്ച രാവിലെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ പോയതിന് ശേഷവും കുട്ടി സ്‌കൂളിനുള്ളില്‍ത്തന്നെ ഉണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടാതെ സ്‌കൂള്‍ ഗേറ്റ്കീപ്പര്‍ പ്രധാന ഗേറ്റ് പുറത്ത് നിന്ന് പൂട്ടി.
കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മുഴുവന്‍ നാട്ടുകാര്‍ കുട്ടിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
സ്‌കൂളിനുള്ളില്‍ കുടുങ്ങിയ കുട്ടി ജനലിന്റെ ഇരുമ്ബ് ഗ്രില്ലുകള്‍ക്കിടയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ ശ്രമത്തിനിടെ തല കുടുങ്ങി ഗുരുതരമായി പരിക്കേറ്റു.
പിറ്റേന്ന് രാവിലെ കുട്ടിയെ ജനലില്‍ കുടുങ്ങിയ നിലയില്‍ നാട്ടുകാരാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കുട്ടി ജനലില്‍ കുടുങ്ങിയ വീഡിയോ ഓണ്‍ലൈനില്‍ വൈറലായതോടെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. സ്‌കൂള്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഭരണകൂടം ഉത്തരവിട്ടു.
സാധാരണയായി സ്‌കൂളിലെ പാചകക്കാരനാണ് ക്ലാസ്മുറികള്‍ പൂട്ടാറുള്ളത്. എന്നാല്‍ കനത്ത മഴ കാരണം അദ്ദേഹം അവധിയായിരുന്നു. വൈകുന്നേരം 4:10-ന് മുറികള്‍ അടയ്ക്കുമ്പോള്‍ ഏഴാം ക്ലാസിലെ രണ്ട് വിദ്യാര്‍ത്ഥികളെയാണ് വാതില്‍ പൂട്ടാനായി അയച്ചത്.
എന്നാൽ രണ്ടാം ക്ലാസുകാരിയായ കുട്ടി ഡെസ്‌കിന് താഴെ ഉറങ്ങുന്നത് ഈ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയിൽപ്പെട്ടില്ല. കുട്ടികൾ അറിയാതെ മുറി പൂട്ടുകയായിരുന്നുവെന്ന് സ്‌കൂളിലെ അധ്യാപികയായ സഞ്ജിത വിശദീകരിച്ചു.