മംഗളുരു: വന്‍ ട്വിസ് റ്റുമായി ധർമ്മസ്ഥല കേസ്. ധർമസ്ഥലയെന്ന ക്ഷേത്ര പട്ടണത്തില്‍ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചു മൂടേണ്ടി വന്നെന്ന വെളിപ്പെടുത്തല്‍ വ്യാജമെന്ന് കണ്ടെത്തൽ. വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റില്‍.
വ്യാജ വെളിപ്പെടുത്തല്‍ ആണ് ഇയാള്‍ നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തില്‍. ഇയാളുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സി എൻ ചിന്നയ്യ ആണ് ധർമസ്ഥലയിലെ പരാതിക്കാരൻ.
ഇയാള്‍ക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു. വ്യാജ പരാതി നല്‍കല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെല്‍ത്തങ്കടി എസ്‌ഐടി ഓഫീസിലാണ് ഇയാള്‍ നിലവില്‍ ഉള്ളത്.
അതിനിടെ, മകളെ ധര്‍മസ്ഥലയില്‍ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയ സുജാത ഭട്ടാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മകളെ കാണാന്നില്ലെന്ന് പറഞ്ഞത് ഭീഷണിക്ക് വഴങ്ങിയാണെന്നാണ് സുജാത ഭട്ടിന്‍റെ പുതിയ വെളിപ്പെടുത്തല്‍.
തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും ഭീഷണിക്ക് വഴങ്ങിയാണ് ധർമസ്ഥലയില്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കിയതെന്നും അവർ പറഞ്ഞു. സുജാത ഭട്ടിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്‌ഐടി ആവശ്യപ്പെട്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍.
അതേ സമയം, ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സുജാത ഭട്ട് എസ്‌ഐടി സംഘത്തെ അറിയിച്ചു. സുഖമില്ലാത്തതിനാല്‍ മറ്റൊരു ദിവസം ഹാജരാകാമെന്നാണ് സുജാത ഭട്ട് അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.
നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്തെന്നായിരുന്നു ശുചീകരണ തൊഴിലാളിയാണ് സി എൻ ചിന്നയ്യയുടെ വെളിപ്പെടുത്തിയത്.
ധർമ്മസ്ഥലയിലെ 13 ഇടങ്ങളാണ് പ്രത്യേകാന്വേഷണ സംഘത്തിന് മുമ്പാകെ സാക്ഷി ചൂണ്ടിക്കാണിച്ച് നല്‍കിയത്. ഇവിടെയെല്ലാം അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും വെളിപ്പെടുത്തലിന് അനുസരിച്ച് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ...
''ഞാൻ 1994 മുതല്‍ 2014 വരെ ധർമസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിന് കീഴില്‍ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്നയാളാണ്. കടുത്ത കുറ്റബോധമാണ് എന്നെ ഇവിടെ എത്തിച്ചത്.
ഞാൻ മറവ് ചെയ്ത സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ നൂറുകണക്കിന് മൃതദേഹം എന്നെ വേട്ടയാടുന്നു. പറഞ്ഞത് ചെയ്തില്ലെങ്കില്‍ അവരിലൊരു മൃതദേഹമായി ഞാനും മണ്ണില്‍ മൂടപ്പെട്ട് പോയേനെ എന്നത് കൊണ്ട് മാത്രമാണ് ഞാനത് ചെയ്തത്. നേത്രാവതി നദിക്കരയിലടക്കം പലയിടങ്ങളിലായി കണ്ട മൃതദേഹം പലതും ആത്മഹത്യകളോ മുങ്ങി മരണമോ ആണെന്നാണ് ഞാൻ കരുതിയത്.
പിന്നീടാണ് ഇതില്‍പ്പലതിലും ലൈംഗികാതിക്രമത്തിന്‍റെ പാടുകളും മുറിവുകളും ഞാൻ കണ്ടത്. ഇവയൊന്നും പൊലീസില്‍ റിപ്പോർട്ട് ചെയ്തിരുന്നില്ല.
2010-ല്‍ കല്ലേരിയിലെ ഒരു പെട്രോള്‍ പമ്പിനടുത്ത് ഞാൻ കണ്ട, പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന, ഒരു കൊച്ചു പെണ്‍കുട്ടിയുടെ മൃതദേഹമുണ്ട്. സ്കൂള്‍ യൂണിഫോമിലുള്ള, എന്നാല്‍ അടിവസ്ത്രങ്ങളില്ലാതിരുന്ന ഒരു മൃതദേഹം.
അത് കുഴിച്ചു മൂടേണ്ടി വന്ന ഓർമ എന്നെ വിട്ട് പോകുന്നില്ല. ഇരുപത് വയസ്സ് തോന്നിക്കുന്ന ഒരു യുവതിയുടെ മുഖം ആസിഡൊഴിച്ച് കരിച്ച് ഡീസലൊഴിച്ച് എനിക്ക് കത്തിക്കേണ്ടി വന്നിട്ടുണ്ട്.
എന്‍റെ കുടുംബത്തിലെ ഒരു കുട്ടിക്ക് തന്നെ ധർമസ്ഥലയിലെ ഉന്നതരില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടപ്പോഴാണ് ഞാനും എന്‍റെ കുടുംബവും ഇവിടെ നിന്ന് രക്ഷപ്പെട്ടത്. ഇപ്പോള്‍ കുറ്റബോധം കൊണ്ടാണ് തിരിച്ച് വന്നത്. എനിക്ക് സംരക്ഷണം വേണം. ആ മൃതദേഹം മറവ് ചെയ്ത ഇടം മുഴുവൻ ഞാൻ കാട്ടിത്തരാം. ഇതില്‍ സമഗ്രമായ അന്വേഷണം വേണം''
ഇന്ന് പുലർച്ചെ വരെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പോലീസ് ചിന്നയ്യയെ അറസ്റ്റ് ചെയ്തത്. നിലവില്‍ ബെല്‍ത്തങ്കടി എസ്‌ഐടി ഓഫീസിലാണ് ഇദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്. കേസില്‍ ഇതോടെ പുതിയ ദിശയിലേക്കുള്ള അന്വേഷണത്തിന് വഴിയൊരുങ്ങുകയാണ്.