Zygo-Ad

മെസി കേരളത്തിലേക്ക്; നവംബറിൽ തിരുവനന്തപുരത്ത് അർജന്റീനയുടെ സൗഹൃദ മത്സരം

 




തിരുവനന്തപുരം: ഫുട്‌ബോൾ ആരാധകർ ഏറെനാളായി കാത്തിരുന്ന സന്തോഷവാർത്ത എത്തി. ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീന ദേശീയ ഫുട്ബോൾ ടീം നവംബറിൽ കേരളത്തിലെത്തും. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനായാണ് ലോകചാമ്പ്യന്മാർ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കളിക്കാൻ എത്തുന്നത്.


നവംബർ 10 മുതൽ 18 വരെയുള്ള ദിവസങ്ങളിലാകും മത്സരം. എതിരാളികളെ പിന്നീട് തീരുമാനിക്കുമെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു. സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനും വാർത്ത സ്ഥിരീകരിച്ചു.

ഇന്ത്യയിൽ മെസി രണ്ടാം തവണയാണ് കളിക്കാൻ എത്തുന്നത്. മുമ്പ് കൊൽക്കത്തയിൽ കളിച്ച മെസി, ഇത്തവണ കേരളത്തിലെ ആരാധകരുടെ മുന്നിൽ ഇറങ്ങും. ഖത്തർ ലോകകപ്പിനിടെ കേരളം നൽകിയ അഗാധമായ പിന്തുണയാണ് ടീമിനെ കേരളത്തിലേക്കെത്തിക്കാൻ പ്രേരിപ്പിച്ചതെന്ന് അറിയിച്ചിട്ടുണ്ട്.

അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും അനുമാനങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതോടെ കേരളത്തിലെ ഫുട്‌ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഉത്സവദിനങ്ങൾക്ക് തുടക്കമായി.

സംസ്ഥാന സർക്കാരിനൊപ്പം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആണ് ടീമിനെ കേരളത്തിലെത്തിക്കുന്നതു. ഇതിനായി 2024 ഡിസംബർ 20ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി കരാറിൽ ഒപ്പിട്ടിരുന്നു.

കേരള-അർജന്റീന ഫുട്‌ബോൾ സഹകരണ സാധ്യതകളെക്കുറിച്ചും ഇരുപാർട്ടികളും ചർച്ച നടത്തിയതായി മന്ത്രി വ്യക്തമാക്കി.

ഫുട്‌ബോളിന്റെ മിശിഹയെന്നു വിശേഷിപ്പിക്കപ്പെടുന്ന മെസിയും ലോകകപ്പ് ജേതാക്കളായ സംഘവും കേരളത്തിലെത്തുന്നതോടെ സംസ്ഥാനത്തിന് ചരിത്രപരമായൊരു കായിക നിമിഷമാകും സാക്ഷ്യം വഹിക്കാനിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ