Zygo-Ad

അങ്കണവാടിയില്‍ കളിപ്പാട്ടങ്ങള്‍ സൂക്ഷിക്കുന്ന ഷെല്‍ഫിനുള്ളിലും മൂര്‍ഖന്‍; നിലവിളിച്ച്‌ അധ്യാപിക, കുട്ടികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു


കൊച്ചി: എറണാകുളം ആലുവ കരുമാലൂരില്‍ അങ്കണവാടിക്കുള്ളില്‍ പത്തി വിടർത്തി മൂർ‌ഖൻ. കുട്ടികള്‍ അങ്കണവാടിയില്‍ ഉള്ളപ്പോഴാണ് പാമ്പിനെ കണ്ടത്.

കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ച ഷെല്‍ഫിന് അകത്തായിരുന്നു പാമ്പ് ഉണ്ടായിരുന്നത്. പാമ്പിനെ കണ്ടെത്തിയ സമയത്ത് അങ്കണവാടിയില്‍ എട്ട് കുട്ടികളുണ്ടായിരുന്നു.

രാവിലെ 11 മണിക്ക് ശേഷമായിരുന്നു സംഭവം. കളിപ്പാട്ടം സൂക്ഷിച്ച അലമാരയിലാണ് പത്തി വിടര്‍ത്തിയ നിലയില്‍ വലിയ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. ഈ സമയത്ത് അധ്യാപികയും ഹെല്‍പ്പറും അങ്കണവാടിയിലുണ്ടായിരുന്നു. 

കളിപ്പാട്ടം മാറ്റുന്നതിനിടെ അങ്കണവാടിയിലെ അധ്യാപികയാണ് പാമ്പിനെ കണ്ടത്. ഉടന്‍ കുട്ടികളെ മുറിയില്‍ നിന്ന് മാറ്റുകയായിരുന്നു. തലനാരിഴക്കാണ് പാമ്പിന്റെ കടിയേല്‍ക്കാതെ അധ്യാപിക രക്ഷപ്പെട്ടത്. 

 അധ്യാപികയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ വാര്‍ഡ് മെമ്പറിനെ വിവരമറിയിക്കുകയും ഉടനെ വനം വകുപ്പ് പ്രവര്‍ത്തകര്‍ എത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു.

പാടശേഖരത്തോട് ചേര്‍ന്നാണ് കെട്ടിടത്തിലാണ് അങ്കണവാടി കെട്ടിടം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും കാറ്റിലും അങ്കണവാടി കെട്ടിടത്തിന്റെ ജനല്‍ ഭാഗം തകര്‍ന്നിരുന്നു. തുണികള്‍ വെച്ചാണ് ഈ ഭാഗം അടച്ചിരുന്നത്. 

ഇത് വഴിയാണോ പാമ്പ് അകത്ത് കയറിയത് എന്നാണ് സംശയം. മൂര്‍ഖന്‍ പാമ്പിനെ കണ്ട ഞെട്ടലിലാണ് ആയയും അങ്കണ്‍വാടിയിലെ ടീച്ചര്‍മാരും. 

സംഭവത്തെ തുടർന്ന് അങ്കണവാടിയിൽ പരിശോധന നടത്താനും സുരക്ഷ ഉറപ്പാക്കാനുമായി അടുത്ത് മൂന്ന് ദിവസം അങ്കണ്‍വാടി അടച്ചിടുമെന്നും പരിശോധനക്ക് ശേ ഷമേ തുറന്ന് പ്രവര്‍ത്തിക്കൂ എന്നും വാര്‍ഡ് മെമ്പര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

മഴക്കാലമായതോടെ പലയിടങ്ങളിലും വച്ച് സമാന സാഹചര്യങ്ങളിൽ പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ