കരച്ചിൽ കേട്ടുണർന്ന ബേബി കുട്ടിയെ പുലി കഴുത്തിൽ കടിച്ചെടുത്ത് ഓടിമറയുന്നതാണു കണ്ടത്. കയ്യിൽ കിട്ടിയ കല്ലുമായി ബേബി പുലിയുടെ പിന്നാലെ പാഞ്ഞു. കാടിനകത്തേക്കു കടക്കുന്നതിനു തൊട്ടുമുൻപ് ബേബിക്ക് കുഞ്ഞിന്റെ കാലിൽ പിടികിട്ടി. അതേനിമിഷം, കയ്യിലിരുന്ന കല്ലുകൊണ്ടു പുലിയെ ആഞ്ഞിടിക്കുകയും ചെയ്തു. ഇതോടെ കുഞ്ഞിനെ ഉപേക്ഷിച്ചു പുലി കാട്ടിൽ മറഞ്ഞു. മാതാപിതാക്കളുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണു കുട്ടിയെ തിരികെ കുടിലിൽ എത്തിച്ചത്.
2 വയസ്സുകാരിയായ അനുജത്തിയും കുടിലിൽ ഉറങ്ങുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് പൊലീസും വനംവകുപ്പും എത്തുന്ന സമയംകൊണ്ട് വീണ്ടും പുലി രണ്ടുവട്ടം പരിസരത്ത് എത്തി. ഉൾക്കാട്ടിൽ ഷീറ്റ് വലിച്ചുകെട്ടിയ മേൽക്കൂരയുടെ കീഴിൽ സാരി കൊണ്ടു മറച്ച കുടിലിലാണ് ഇവരുടെ താമസം. കുഞ്ഞിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്കു ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലെത്തിച്ച് ന്യൂറോ സർജറി വിഭാഗത്തിൽ അടിയന്തിര ശസ്ത്രക്രിയ നടത്തി.
തലയിൽ പുലിയുടെ കടിയേറ്റിട്ടുണ്ട്. പല്ല് തലയോട്ടി തുളച്ചുകയറി തലച്ചോറിൽ ക്ഷതം ഏൽപിച്ചതായി ഡോക്‌ടർമാർ അറിയിച്ചു