തിരുവനന്തപുരം:ജൂലൈ 10ന് സംസ്ഥാനത്തെ സ്കൂളുകളിൽ വിജയാഹ്ലാദ ദിനമായി ആചരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നടത്തിയ പഠന നേട്ട സർവ്വേയിൽ ദേശീയ തലത്തിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം.
സർവയിൽ 65.3 പോയിന്റോടെയാണ് കേരളത്തിന്റെ മികച്ച പ്രകടനം. ഇത് അഭിമാനിക്കാവുന്ന നേട്ടമാണെന്നും ഈ മാസം പത്താം തീയതി എല്ലാ സ്‌കൂളുകളിലും വിജയാഹ്ലാദ ദിനമായി ആചരിക്കുമെന്നും മന്ത്രി അറിയിച്ചു. വിജയാഹ്ലാദ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. കൂടുതൽ വിവരങ്ങൾ ഉടൻ.
സോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: നടപടി എടുക്കുമെന്ന് വി.ശിവൻകുട്ടി
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി തന്റെ പേരിൽ വ്യാജപ്രചരണം നടക്കുന്നുണ്ടെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി.
സ്കൂൾ വിദ്യാർത്ഥികൾ വെള്ളിയാഴ്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്‌കൂളിന് പുറത്തു പോകുന്നത് കർശനമായി നിരോധിക്കും എന്ന പേരിലാണ് സോഷ്യൽ മീഡിയ പോസ്റ്റ് പ്രചരിപ്പിക്കുന്നത്. ഈ പ്രചരണം അടിസ്ഥാന രഹിതമാണ്.
ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.