കോഴിക്കോട് :കാക്കൂരില്‍ സുന്നത്ത് കര്‍മ്മത്തിനിടെ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചേളന്നൂര്‍ സ്വദേശി ഇംത്യാസിന്റെ രണ്ടുമാസം പ്രായമുള്ള മകന്‍ എമിന്‍ ആദമാണ് മരിച്ചത്. കോപ്പറേറ്റീവ് ക്ലിനിക്കില്‍ വെച്ചാണ് അനസ്തീഷ്യ നല്‍കിയത്. കാക്കൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരിച്ച കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് നടക്കും.
ഇന്നലെ രാവിലെയാണ് കഷ്ടിച്ച് രണ്ടുമാസം മാത്രം പ്രായമുളള കുഞ്ഞിനെ സുന്നത്ത് കര്‍മത്തിനായി കോഴിക്കോട് കാക്കൂരിലെ ക്ലിനിക്കിലെത്തിച്ചത്. സുന്നത്ത് കര്‍മത്തിനായി അനസ്‌തേഷ്യ മരുന്ന് കൊടുത്തയുടന്‍ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ശ്വാസതടസമുള്‍പ്പെടെ വന്ന കുഞ്ഞിന് സുന്നത്ത് നടത്താനാവില്ലെന്ന് തുടര്‍ന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചു.
കുഞ്ഞിന്റെ ബുദ്ധിമുട്ടും കരച്ചിലും കാരണം മുലപ്പാല്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തും മുന്‍പേ കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.