ന്യൂഡല്‍ഹി: വിവാഹ മോചന കേസില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവായി പരിഗണിക്കാമെന്ന് സുപ്രിംകോടതി ഉത്തരവ്.
ഫോണ്‍ രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവായി സ്വീകരിക്കാനാകില്ലെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവും സുപ്രിംകോടതി റദ്ദാക്കി.
ജസ്റ്റിസ് ബി.വി നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്‍റെയാണ് നടപടി. മൗലികാവകാശ ലംഘനത്തിന്റെ പേരില്‍ ഇത്തരം തെളിവുകള്‍ മാറ്റി നിർത്താനാകില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.
ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നായിരുന്നു പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ വിധി. 2020ലെ ബതിൻഡ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു സ്ത്രീ നല്‍കിയ ഹർജിയിലാണ് ജസ്റ്റിസ് ലിസ ഗില്ലി ഉത്തരവിട്ടത്.
പരാതിക്കാരിയും ഭര്‍ത്താവും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത സിഡി തെളിവായി സ്വീകരിക്കാന്‍ ബതിൻഡ കുടുംബ കോടതി അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഇതാണ് 2021 ല്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിലക്കിയത്. അന്നത്തെ ഹൈക്കോടതി വിധിയാണ് തിങ്കളാഴ്ച സുപ്രിം കോടതി റദ്ദാക്കിയിരിക്കുന്നത്.
ഭാര്യാ ഭർത്താക്കന്മാർക്കിടയില്‍ സ്വകാര്യതയ്ക്കുള്ള അവകാശം നിലവിലുണ്ടെങ്കിലും അത് സമ്പൂർണ്ണമല്ലെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
പങ്കാളികള്‍ തമ്മിലുള്ള സംഭാഷണം അവരില്‍ ഒരാള്‍ രഹസ്യമായി റെക്കോർഡു ചെയ്‌തത് തെളിവായി അംഗീകരിക്കാമെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച്, വൈവാഹിക കേസുകളില്‍ ഇത്തരം തെളിവുകള്‍ അനുവദിക്കുന്നത് നടപടിക്രമപരമായ നീതിയെ ഉയർത്തിപ്പിടിക്കുമെന്നും ബെഞ്ച് ഊന്നിപ്പറഞ്ഞു.
പങ്കാളികള്‍ പരസ്പരം രഹസ്യമായി അവരിലാരുടെയെങ്കിലും ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ വിവാഹ ബന്ധം പരാജയപ്പെട്ടുവെന്നതിന്‍റെ ലക്ഷണമാണെന്നും ഈ കേസില്‍ സ്വകാര്യതയുടെ ലംഘനമൊന്നും സംഭവിച്ചിട്ടില്ലെന്നും ഉചിതമായ നിയമ മാനദണ്ഡങ്ങള്‍ പ്രകാരം അത്തരം തെളിവുകള്‍ പരീക്ഷിക്കാമെന്നും ബെഞ്ച് ഉത്തരവിട്ടു.
2017ലാണ് യുവതിയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ് ഹരജി നല്‍കിയത്. 2009ലായിരുന്നു ഇവരുടെ വിവാഹം. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്.
വിസ്താരത്തിനിടെ, മെമ്മറി കാർഡിലോ മൊബൈല്‍ ഫോണിലെ ചിപ്പിലോ റെക്കോർഡ് ചെയ്ത സംഭാഷണങ്ങളുടെ സിഡിയും ട്രാൻസ്‌ക്രിപ്റ്റുകളും സഹിതം സപ്ലിമെന്ററി സത്യവാങ്മൂലം സമർപ്പിക്കാൻ അനുമതി തേടി 2019 ജൂലൈയില്‍ ഭർത്താവ് അപേക്ഷ സമർപ്പിച്ചു.
2020ല്‍, കുടുംബ കോടതി അതിനു അനുവാദം നല്‍കി. തുടർന്നാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടി ഇത് നിരസിച്ചതോടെയാണ് ഭര്‍ത്താവ് സുപ്രിംകോടതിയെ സമീപിച്ചത്.