Zygo-Ad

താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ നൽകിയ അപ്പീല്‍ തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്


കൊച്ചി: കേരള സാങ്കേതിക (കെടിയു) സർവകലാശാലയിലെയും ഡിജിറ്റല്‍ സർവകലാശാലയിലെയും താല്‍ക്കാലിക വൈസ് ചാൻസലർ നിയമനത്തില്‍ ഗവർണർക്ക് തിരിച്ചടി.

ഇവരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഗവർണർ നല്‍കിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്.

സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. താത്കാലിക വിസി നിയമനം സംസ്ഥാന സർക്കാർ നല്‍കുന്ന പാനലില്‍ നിന്ന് വേണം എന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. 

താല്‍ക്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തില്‍ കൂടുതലാകരുതെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചു. 

വിദ്യാർത്ഥികളുടെ താല്‍പ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിരം വിസി നിയമനത്തിലെ കാലതാമസം സർവകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

സ്ഥിരം വിസി നിയമനത്തില്‍ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

ഡോ. സിസ തോമസ് ആണ് നിലവില്‍ ഡിജിറ്റല്‍ സർവ്വകലാശാലയുടെ വിസി. എപിജെ അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി(കെടിയു) വിസി ഡോ. കെ. ശിവപ്രസാദാണ്. 

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് 2024 നവംബറില്‍ ഇവരുടെ താല്‍ക്കാലിക നിയമനം നടത്തിയത്. അദ്ദേഹം കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ഗവർണറായ രാജേന്ദ്ര ആർലേക്കറാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചില്‍ ഹർജി നല്‍കിയത്.

രണ്ട് സർവകലാശാലകളിലെയും വിസിമാരുടെ കാലാവധി മേയ് 27-ന് പൂർത്തിയായെങ്കിലും നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന നിർദേശത്തോടെ 30 വരെ തുടരാൻ കോടതി അനുമതി നല്‍കിയിരുന്നു.

വളരെ പുതിയ വളരെ പഴയ