Zygo-Ad

ധര്‍മസ്ഥലയില്‍ വിദ്യാർഥിനികളെയടക്കം കുഴിച്ചു മൂടിയത് നൂറോളം മൃതദേഹങ്ങള്‍; പരാതിക്കാരൻ തലയോട്ടിയും അസ്ഥികൂട ഭാഗങ്ങളും കോടതിയില്‍ ഹാജരാക്കി


മംഗളൂരു: ധർമസ്ഥലയില്‍ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ വിദ്യാർഥിനികളടക്കം നൂറോളം പേരുടെ മൃതദേഹം കുഴിച്ചു മൂടിയെന്ന് വെളിപ്പെടുത്തിയ ധർമസ്ഥല ക്ഷേത്രം മുൻ ശുചീകരണത്തൊഴിലാളി കോടതിയില്‍ ഹാജരായി മൊഴിയും തെളിവുകളും നല്‍കി.

ബെല്‍ത്തങ്ങാടി പ്രിൻസിപ്പല്‍ സിവില്‍ ജഡ്ജി, ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്നിവരുടെ മുമ്പാകെയാണ് മൃതദേഹാവശിഷ്ടങ്ങളുള്‍പ്പെടെ ഹാജരാക്കി ഈയാള്‍ മൊഴി നല്‍കിയത്.

ഒട്ടേറെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ താൻ അടക്കം ചെയ്തിട്ടുണ്ടെന്ന ഇയാളുടെ വെളിപ്പെടുത്തലില്‍ ധർമസ്ഥല പോലീസ് കേസെടുത്തിരുന്നു.

 ഇതിനു പിന്നാലെയാണ് പരാതിക്കാരൻ പുറത്തെടുത്തുവെന്ന് അവകാശപ്പെടുന്ന തലയോട്ടി ഉള്‍പ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങള്‍ കൂടി കോടതിയില്‍ സമർപ്പിച്ചത്. ഇത് പോലീസിന് കൈമാറിയ മജിസ്ട്രേറ്റ് കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. 

സംഭവത്തില്‍ പ്രതികളുടെ പേര് ഉള്‍പ്പെടെയുള്ള കൂടുതല്‍ തെളിവുകള്‍ നല്‍കാൻ തയ്യാറാണെന്നും തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം വേണമെന്ന സാക്ഷിയുടെ ആവശ്യവും കോടതി അംഗീകരിച്ചു.

തിരിച്ചറിയാതിരിക്കാൻ തല ഉള്‍പ്പെടെ മൂടിയ കറുത്ത വസ്ത്രം അണിയിച്ചാണ് പരാതിക്കാരനെ അഭിഭാഷകർക്കൊപ്പം പോലീസ് കോടതിയില്‍ ഹാജരാക്കിയത്.

 ഇയാള്‍ മണ്ണുനീക്കി തലയോട്ടി പുറത്തെടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നെങ്കിലും ഇതിന്റെ നിജസ്ഥിതിയെക്കുറിച്ച്‌ പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

1995-2014 കാലഘട്ടത്തില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങള്‍ ഭീഷണിക്കു വഴങ്ങി ധർമസ്ഥലയിലെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നായിരുന്നു കഴിഞ്ഞ ദിവസം അഭിഭാഷകർ മുഖേന ഇയാള്‍ ധർമസ്ഥല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

 ഇതില്‍ മതിയായ അന്വേഷണം നടക്കാതായതോടെയാണ് ഇയാള്‍ കോടതിയില്‍ നേരിട്ട് ഹാജരായി മൊഴിയും തെളിവും നല്‍കിയത്. ഈ വെളിപ്പെടുത്തലോടെ ഒരു കോളേജ് വിദ്യാർഥിനിയുടെ വധക്കേസും ചർച്ചയായിട്ടുണ്ട്.

2012 ഒക്ടോബർ ഒൻപതിനാണ് ധർമസ്ഥല മഞ്ചുനാഥേശ്വര കോളജിലെ രണ്ടാം വർഷ പിയു (പ്ലസ് ടു) വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. 

കോളേജ് വിട്ട് വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ അടുത്ത ദിവസം വീട്ടിനരികെ ആളൊഴിഞ്ഞ പ്രദേശത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. 

കർമ സമിതി രൂപവത്കരിച്ച്‌ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടത്തിയെങ്കിലും കേസിന് തുമ്പ് ലഭിച്ചില്ല. പുതിയ വെളിപ്പെടുത്തലോടെ ഈ കേസും തെളിയിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് കർമസമിതി.

വളരെ പുതിയ വളരെ പഴയ