സനാ: യെമെനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകള്‍ നടക്കുന്നതായി വിവരം.
കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് യെമനിലെ പ്രസിദ്ധ സൂഫി പണ്ഡിതനായ ഷെയ്ഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഭരണകൂട പ്രതിനിധികളുമായി ചർച്ച നടത്തിയതായാണ് വിവരം. ഒരു ഷെയ്ഖിന്റെ ഇടപെടല്‍ നടക്കുന്നതായി കേന്ദ്ര സർക്കാർ ഇന്ന് സുപ്രീംകോടതയില്‍ അറിയിക്കുകയും ചെയ്തിരുന്നു.
യെമെനില്‍ സ്വാധീനമുള്ള ഒരു ഷെയ്ഖിന്റെ സഹായം ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറല്‍ ആർ. വെങ്കിട്ട രമണിയാണ് സുപ്രീം കോടതിയെ അറിയിച്ചത്.
നോർത്ത് യെമനിലാണ് ഇപ്പോള്‍ ചർച്ച നടന്നത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യെമൻ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ദിയാ ദനത്തിന് പകരമായി കുടുംബം മാപ്പ് നല്‍കി വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും മോചനം നല്‍കുകയും വേണമെന്ന കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ആവശ്യം കുടുംബത്തിന് മുമ്പാകെ അവതരിപ്പിച്ചതായി അദ്ദേഹവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
ലോകത്ത് ഏറ്റവും സ്വാധീനമുള്ള മുസ്ലിം നേതാക്കളിലൊരാളാണ് ഷെയ്ഖ് ഹബീബ് ഉമർ. കാന്തപുരവുമായി ആഴത്തിലുള്ള ബന്ധം അദ്ദേഹത്തിനുണ്ട്.
ഇതിനിടെ ദയാധനം സ്വീകരിക്കാൻ കുടുംബം തയ്യാറായാല്‍ സൗദിയില്‍ ജയിലിലുള്ള കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി പിരിച്ച പണത്തില്‍ ബാക്കിയുള്ള തുക അബ്ദുറഹീം ട്രസ്റ്റ് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്.