മലപ്പുറം: കുളത്തിൽ മുങ്ങിതാഴ്ന്ന മൂന്ന് കുട്ടികളെ രക്ഷിച്ച് നാടിന്റെ അഭിമാനമായി പ്ലസ്ട വിദ്യാർത്ഥി മുഹമ്മദ് ഷാമിൽ. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
അയൽ വീട്ടിൽ സൽക്കാര ചടങ്ങിനെത്തിയ പെൺകുട്ടികളിലൊരാൾ കുളിക്കുന്നതിനിടെ കുളത്തിലെ ആഴത്തിലേക്ക് വീണു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവരും മുങ്ങി. ഈ സമയം അതുവഴി വന്ന ആശാവർക്കർ പള്ളിയാൽതൊടി ഹഫ്‌സത്ത് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് അയൽ വീട്ടിലെ മുഹമ്മദ് ഷാമിലും പിതാവും സഹോദരനും സംഭവസ്ഥലത്ത് എത്തിയത്.
ഷാമിൽ ഉടനെ കുളത്തിലേക്ക് ചാടി മൂവരേയും കരക്കെത്തിച്ചു. അവശയായ ഒരു കുട്ടിക്ക് സിപിആർ നൽകിയതും ഷാമിൽ തന്നെ. വെള്ളില പിടിഎം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്‌ടു വിദ്യാത്ഥിയായ ഷാമിൽ ചാളക്കത്തൊടി അഷ്റഫിന്റെയും മങ്കട 19-ാം വാർഡ് വനിത ലീഗ് വൈസ് പ്രസിഡന്റ് ഷാഹിദയുടെയും രണ്ടാമത്തെ മകനാണ്. സ്‌കൂളിൽ നിന്ന് ലഭിച്ച പരിശിലനം ആണ് സിപിആർ നൽകാൻ തന്നെ സഹായിച്ചതെന്ന് ഷാമിൽ പറയുന്നു.