കൊച്ചി: ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണത്തില്‍ സർക്കാരിന് തിരിച്ചടി. പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി.
ഇതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷൻ പുറത്തിറക്കിയ സർക്കുലറും അനുബന്ധ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ നല്‍കിയ ഹർജികളിലാണ് ഹൈക്കോടതി നടപടി.
നിർദേശങ്ങള്‍ പ്രായോഗികമല്ലെന്നും കേന്ദ്രത്തിന്‍റെ അധികാര പരിധിയിലുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ വാദം. ഈ വാദം അംഗീകരിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഗതാഗത കമ്മീഷണർ ഇറക്കിയ സർക്കുലറും അനുബന്ധ ഉത്തരവുകളും റദ്ദാക്കുകയായിരുന്നു.
പ്രതിദിനം 30 ലൈസൻസ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വർഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന എച്ച് ഒഴിവാക്കി, പകരം സിഗ്സാഗ് ഡ്രൈവിങും പാര്‍ക്കിങും ചേർത്തായിരുന്നു ഡ്രൈവിങ് ലൈസൻസ് പരീക്ഷ ഗതാഗത വകുപ്പ് പരിഷ്ക്കരിച്ചത്. ഇരുചക്ര വാഹനങ്ങളുടെ ലൈസൻസ് പരീക്ഷക്ക് കാലില്‍ ഗിയറുള്ള വാഹനം നിർബന്ധമാക്കിയിരുന്നു.
കാർ ലൈസൻസിന് ഓട്ടോമാറ്റിക് വാഹനവും ഇലക്‌ട്രിക് കാറും പറ്റില്ല. 15 വർഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളും ഒഴിവാക്കണം. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടർ ഡ്രൈവിങ് സ്കൂളിന്റെ വാഹനത്തില്‍ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കണം.
ലൈറ്റ് മോട്ടർ വെഹിക്കിള്‍ വിഭാഗത്തില്‍പ്പെട്ട പാർട്ട് വണ്‍ ഡ്രൈവിങ് ടെസ്റ്റ് കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റിങ് ട്രാക്കില്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആംഗുലാർ പാർക്കിങ്, പാരലല്‍ പാർക്കിങ്, സിഗ്-സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേക ട്രാക്കില്‍ നടത്തണം.
ഡ്രൈവിങ് ടെസ്റ്റ് സ്കൂള്‍ ഇൻസ്ട്രക്ടർമാരായി സർക്കാർ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് വിവാദമായത്. പരിഷ്ക്കാരത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ നല്‍കിയ ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്.