Zygo-Ad

ഓട്ടിസം ബാധിച്ച ആറ് വയസുകാരന് അധ്യാപികയായ രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ധനം; കേസെടുത്ത് പോലീസ്


മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ രണ്ടാനമ്മ ക്രൂരമായി മർദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപിക കൂടിയായ കുട്ടിയുടെ രണ്ടാനമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

നിലമ്പൂര്‍ വടപുറം സ്വദേശിയായ കുട്ടിയുടെ രണ്ടാനമ്മയ്ക്കെതിരായാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തെത്തുടർന്ന് ഇവർ ഒളിവില്‍ പോയിരിക്കുകയാണ്.

കുട്ടിക്ക് ഒന്നര വയസുള്ള സമയത്താണ് അർബുദം ബാധിച്ച്‌ സ്വന്തം അമ്മ മരിക്കുന്നത്. അച്ഛൻ വിദേശത്തായിരുന്നതിനാല്‍ അമ്മയുടെ അച്ഛൻ്റെ വീട്ടിലും സ്വന്തം അച്ഛൻ്റെ വീട്ടിലുമായിട്ടായിരുന്നു ആദ്യമൊക്കെ ആറ് വയസുകാരൻ കഴിഞ്ഞിരുന്നത്. 

പിന്നീട് രണ്ടാനമ്മയ്ക്കൊപ്പമായി കുട്ടിയുടെ താമസം. ഇടയ്ക്ക് കുഞ്ഞിൻ്റെ അമ്മയുടെ ബന്ധുക്കള്‍ കുട്ടിയെ കാണാൻ വരാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ നാലിന് മുത്തച്ഛൻ കുട്ടിയെ കാണാൻ സ്കൂളിലെത്തിയപ്പോഴാണ് ശരീരത്തിലെ പരിക്കുകള്‍ ശ്രദ്ധിച്ചത്. 

പിന്നാലെ ചൈല്‍ഡ് ലൈനില്‍ ഉള്‍പ്പെടെ പരാതി നല്‍കുകയായിരുന്നു. ആരോപണം പരിശോധിച്ച ചൈല്‍ഡ് ലൈൻ കുട്ടി മർദനത്തിന് ഇരയായതായി കണ്ടെത്തി.

ഇതേത്തുടർന്ന് നിയമ നടപടികള്‍ തുടരാൻ പെരിന്തല്‍മണ്ണ പോലീസിന് റിപ്പോർട്ട് കൈമാറി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്യുകയും രണ്ടാനമ്മയ്‌ക്കെതിരെ കേസ് എടുക്കുകയും ചെയ്തു. 

എന്നാല്‍ കേസെടുത്ത വിവരം അറിഞ്ഞതിന് പിന്നാലെ രണ്ടാനമ്മ ഒളിവില്‍ പോയി. മുൻപ് എയ്ഡഡ് സ്കൂളില്‍ അധ്യാപികയായിരുന്ന ആറ് വയസുകാരന്റെ സ്വന്തം അമ്മ മരിച്ചതിന് പിന്നാലെ വന്ന ഒഴിവിലാണ് രണ്ടാനമ്മ അധ്യാപികയായി കയറിയത്. 

നിലവിലെ സാഹചര്യത്തില്‍ ആറ് വയസുകാരൻ മുത്തശ്ശന്റെയും മുത്തശിയുടെയും സംരക്ഷണത്തിലാണ്. മലപ്പുറം കുടുംബ കോടതിയാണ് കുട്ടിയെ ഇവർക്ക് കൈമാറിയത്.

വളരെ പുതിയ വളരെ പഴയ