ആലപ്പുഴ ഓമനപ്പുഴ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജോസ്‌മോനും മകള്‍ ജാസ്മിനും തമ്മില്‍ തര്‍ക്കമുണ്ടായത് വീട്ടില്‍ വൈകിയെത്തിയതിനെ തുടര്‍ന്നെന്നാണ് കണ്ടെത്തല്‍. ഹാളില്‍ വച്ച് ഭാര്യയുടേയും മാതാപിതാക്കളുടേയും മുന്നില്‍ വച്ചാണ് ജാസ്മിന്റെ കഴുത്ത് ഞെരിച്ചത്. അബോധാവസ്ഥയിലായ ജാസ്മിനെ മുറിയില്‍ കയറ്റി കതകടച്ചു. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ കിടത്തി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ജോസ്‌മോന്‍ പൊലീസിനോട് ഇക്കാര്യങ്ങളെല്ലാം സമ്മതിച്ചത്.
ജാസ്മിന്‍ കുറച്ച് കാലങ്ങളായി വീട്ടില്‍ വൈകിയെത്തുന്നതില്‍ ജോസ്‌മോന് കടുത്ത അമര്‍ഷമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അച്ഛനും മകളും തമ്മില്‍ ഇതേച്ചൊല്ലി വലിയ തര്‍ക്കമുണ്ടായി. ജോസ്‌മോന്റെ ഭാര്യയും അച്ഛനും അമ്മയും സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. ഇവരുടെ കണ്‍മുന്നില്‍ വച്ചാണ് ജോസ്‌മോന്‍ ജാസ്മിന്റെ കഴുത്ത് ഞെരിച്ചത്. ജാസ്മിന്‍ അബോധാവസ്ഥയിലായതോടെ ഇവര്‍ മൂവരും വല്ലാതെ പരിഭ്രമിച്ചു. ഇതോടെ അവരോട് ഇവിടെ നിന്ന് മാറി നില്‍ക്കാന്‍ ജോസ്‌മോന്‍ ആവശ്യപ്പെട്ടു. പിന്നീട് ജാസ്മിനെ സ്വന്തം മുറിയിലേക്ക് ജോസ്‌മോന്‍ എടുത്തുകൊണ്ട് പോകുകയായിരുന്നു. അവിടെ വച്ച് തോര്‍ത്ത് കഴുത്തില്‍ മുറുക്കി ജാസ്മിന്‍ മരിച്ചുവെന്ന് ഉറപ്പുവരുത്തുകയായിരുന്നു.
ഒരു ദിവസത്തോളം മൃതദേഹം അതേ മുറിയില്‍ തന്നെ കിടത്തി പിന്നീട് ജോസ്‌മോന്‍ മകള്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും മകള്‍ അനങ്ങുന്നില്ലെന്നും ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞു. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ വന്ന് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമല്ലെന്ന് വ്യക്തമാകുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയും ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തുകയുമായിരുന്നു.