
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 ന് രാത്രിയാണ് വടകര ചോറോട് വെച്ച് ദൃഷാനയെയും മുത്തശ്ശി ബേബിയേയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോമ സ്ഥിതിയില്‍ കഴിയുന്ന ദൃഷാനയുടെ ദുരിത ജീവിതത്തെക്കുറിച്ചും ഇടിച്ചിട്ട കാര്‍ കണ്ടെത്താത്ത പൊലീസ് അനാസ്ഥയെക്കുറിച്ചും നിരന്തരം ചെയ്ത വാര്‍ത്തകളെത്തുടര്‍ന്നായിരുന്നു ഹൈക്കോടതി സ്വമേധയാ കേസെടുത്തതും പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതും. അസാധാരണമായ അന്വേഷണത്തിനൊടുവില്‍ ഇടിച്ചിട്ട കാര്‍ പൊലീസ് കണ്ടെത്തി. മാപ്പില്ലാത്ത ക്രൂരത ചെയ്ത് വിദേശത്തേക്ക് കടന്ന പ്രതി പുറമേരി സ്വദേശി ഷെജീലിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. എന്നാല്‍, പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച് ഏഴുമാസമായിട്ടും ഇന്‍ഷുറന്‍സ് തുക ദൃഷാനയ്ക്ക് ലഭിച്ചിട്ടില്ല എന്നതാണ് സങ്കടകരം.വടകര മോട്ടോര്‍ ആക്സഡന്റ് ക്ലെയിം ട്രൈബ്യൂണലില്‍ കഴിഞ്ഞ ആറുമാസമായി ജഡ്ജ് ഇല്ലാത്തതാണ് കാരണമായി അഭിഭാഷക പറയുന്നത്. പത്ത് മാസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ദൃഷാന ഇപ്പോള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ്.
ദൃഷാനയുടെ ആരോഗ്യ നിലയില്‍ ഇപ്പോള്‍ പുരോഗതിയുണ്ട്. കൈകാലുകള്‍ ചലിപ്പിക്കും, കണ്ണുകള്‍ തുറക്കും. മകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയുമായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുകയാണ് അമ്മയും അച്ഛനും. പക്ഷെ പാവപ്പെട്ട കുടുംബം ചികിത്സയ്ക്കായി കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇന്‍ഷുറന്‍സ് തുക ഇനി എപ്പോള്‍ കിട്ടുമെന്ന് ഒരു നിശ്ചയവുമില്ല. ഇപ്പോള്‍ ഫിസിയോ, ന്യൂറോ സംബന്ധമായ ചികിത്സകളാണ് സ്വകാര്യ ആശുപത്രിയില്‍ നിന്നും നല്‍കുന്നത്.ദൃഷാന ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സമയമെടുക്കുമെന്ന് ഡോക്ടര്‍ പ്രതികരിച്ചു. വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് നിലവില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ഇന്‍ഷുറന്‍സ് തുക പെട്ടന്ന് ലഭ്യമാക്കുന്നതിനും ഇപ്പോള്‍ നേരിടുന്ന ചികില്‍സാ ചെലവ് പ്രതിസന്ധിയിലും ഹൈക്കോടതി ഇടപെടണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. കാരുണ്യ, ഭാരത് ആയുഷ്മാന്‍ സ്കീമുകളില്‍ കുടുംബം ഉണ്ടെങ്കിലും ചികിത്സ നടക്കുന്ന സ്വകാര്യ ആശുപത്രി ഈ പദ്ധതിയുടെ പരിധിയിലില്ല. വിഷയം ലീഗല്‍ സര്‍വീസ് അതോറിറ്റി മുഖേന ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുമെന്ന് ഹൈക്കോടതിയിലെ വിക്ടിം റൈറ്റ് സെല്‍ അറിയിച്ചു.
അക്കൗണ്ട് വിവരങ്ങള്‍ SMITHA NK GOOGLE PAY NO- 9567765455.ACCOUNT NUMBER- 40602101002263.IFSC CODE- KLGB0040602.KERALA GAMEEN BANK, PANOOR BRANCH