
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ കേസിനെക്കുറിച്ച് ചില വ്യക്തികൾ പങ്കുവെക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തിൽ യെമനിൽ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നും യെമനിലെ സൂഫി പണ്ഡിതൻറെ ശിഷ്യനായ ജവാദ് മുസ്തഫാവി വ്യക്തമാക്കിയിരുന്നു. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായെന്ന വിവരം കാന്തപുരത്തിൻറെ ഓഫീസും ഇന്നലെ രാത്രി പങ്കുവെച്ചിരുന്നു.
യെമൻ പണ്ഡിത സംഘത്തിന് പുറമെ ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും മധ്യസ്ഥ ചർച്ചകളിൽ പങ്കെടുത്തെന്നാണ് വിവരം. എന്നാൽ, ദയധനത്തിൻറെ കാര്യത്തിൽ തീരുമാനമായിട്ടില്ല. എന്നാൽ, വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും ആരുമായാണ് ചർച്ച നടത്തിയതെന്ന് കാന്തപുരം വ്യക്തമാക്കണമെന്നും കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിൻറെ സഹോദരൻ ആവശ്യപ്പെട്ടു.
ഇതിനിടെ, നിമിഷപ്രിയയുടെ മോചനത്തിനായി നിമിഷപ്രിയയുടെ ഭർത്താവും മകൾ മിഷേലും യെമനിലെത്തിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. യെമനിൽ നിന്ന് ഇവർക്കൊപ്പം ഡോ. കെഎ പോൾ എന്ന ഇവാഞ്ചലിസ്റ്റ് നേതാവ് വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും ഉടനെ മോചിതയാകുമെന്നും കെഎ പോൾ പ്രഖ്യാപിച്ചിരുന്നു.