തിരുവനന്തപുരം: ജൂണ്‍ 30 ന് അവസാനിക്കുന്ന 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച 5676 കിലോ ലിറ്റര്‍ മണ്ണെണ്ണയുടെ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇത് പൂര്‍ത്തിയാക്കാന്‍ സെപ്റ്റംബര്‍ 30 ന് അവസാനിക്കുന്ന രണ്ടാം പാദം വരെ സാവകാശം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 2025-26 രണ്ടാം പാദത്തിലേയ്‌ക്കും 5676 കിലോ ലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പി.ഡി.എസ്. സബ്‌സിഡി, നോണ്‍- സബ്‌സിഡി മണ്ണെണ്ണ വിതരണം ചെയ്യുന്ന മൊത്ത വ്യാപാരികള്‍ക്കുള്ള കടത്തു കൂലിയും റേഷന്‍ വ്യാപാരികള്‍ക്കുള്ള റീട്ടെയില്‍ കമ്മിഷനും വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.
മൊത്ത വ്യാപാരികള്‍ക്കുള്ള കടത്തു കൂലി ആദ്യത്തെ 40 കിലോ മീറ്റര്‍ വരെ കിലോ ലിറ്ററിന് 500 രൂപയും അതിനുശേഷമുള്ള ഓരോ കിലോ മീറ്ററിനും 5 രൂപയും ആയിട്ടാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.
മണ്ണെണ്ണ ചില്ലറ വിതരണം നടത്തുന്ന റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ലിറ്ററിന് 6 രൂപയാക്കി ഉയര്‍ത്തി. രണ്ട് വര്‍ദ്ധനവുകള്‍ക്കും 2025 ജൂണ്‍ 1 മുതല്‍ പ്രാബല്യം ഉണ്ടായിരിക്കും.