ഇസ്‌ലാമാബാദ്: പാകിസ്താനിലെ ലാഹോറില്‍ സ്‌ഫോടനമെന്ന് റിപ്പോര്‍ട്ട്. ലാഹോര്‍ വിമാനത്താവളത്തിന് സമീപമുള്ള വാള്‍ട്ടണ്‍ എയർഫീല്‍ഡിനടുത്താണ് സ്‌ഫോടനം നടന്നത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം.
തുടർച്ചയായി സ്ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ട്. ലാഹോറിലെ വാള്‍ട്ടണ്‍ റോഡില്‍ സൈറണുകള്‍ മുഴങ്ങി. ലാഹോറിലെ നാവിക സേന കോളജില്‍ നിന്നും പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.
ഗോപാല്‍ നഗർ, നസീറാബാദ് എന്നിവിടങ്ങളില്‍ ഒന്നിലധികം സ്‌ഫോടനങ്ങളെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. വ്യാഴാഴ്ച രാവിലെ നഗരത്തില്‍ സ്‌ഫോടന ശബ്ദം കേട്ടെന്നാണ് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ഫോടനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരേ ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആക്രമണം നടന്നതിന് പിന്നാലെയാണ് ലാഹോറില്‍ സ്‌ഫോടനമുണ്ടായെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലിലാണ് പാകിസ്താന്‍.