Zygo-Ad

പാക് ഷെല്ലാക്രമണത്തില്‍ ഇന്ത്യൻ സൈനികന് വീരമൃത്യു


ജമ്മു: പാകിസ്താനില്‍ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ജമ്മു-കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു.

ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്.

അതേ സമയം, പാക് സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും നാല് കുട്ടികള്‍ ഉള്‍പ്പെടെ 14 പേർ മരിച്ചു. 

57 പേർക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലാണ് പാക് സൈന്യത്തിന്റെ ഏറ്റവും കനത്ത ആക്രമണമുണ്ടായത്. മരണങ്ങളെല്ലാം ഇവിടെയാണ്. ഇവിടെ 42 പേർക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് സൂചന. 

പൂഞ്ച് ജില്ലാ ആസ്ഥാനം, ബാലാക്കോട്ട്, മെന്ദർ, മാങ്കോട്ട്, കൃഷ്ണ ഗാട്ടി, ഗുല്‍പൂർ, കേർണി എന്നിവിടങ്ങളിലെല്ലാം ഷെല്ലാക്രമണമുണ്ടായി. ഇവിടങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി.

സൈനികനെ കൂടാതെ ബല്‍വിന്ദർ കൗർ (33), മുഹമ്മദ് സെയ്ൻ ഖാൻ (10), സഹോദരൻ സോയ ഖാൻ (12), മുഹമ്മദ് അക്രം (40), അമ്രിക് സിങ് (55), മുഹമ്മദ് ഇഖ്ബാല്‍ (45), രണ്‍ജീത് സിങ് (48), ഷക്കീലബി (40), അംരീത് സിങ് (47), മറിയം ഖാതൂണ്‍ (ഏഴ്), വിഹാൻ ഭാർഗവ് (13), മുഹമ്മദ് റാഫി (40) എന്നീ സാധാരണക്കാരാണ് മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു.

ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 10 പേർക്ക് പരിക്കേറ്റു. രജൗറി ജില്ലയിലും മൂന്ന് പേർക്ക് പരിക്കേറ്റു. 

കുപ്‍വാര ജില്ലയിലെ കർണാ സെക്ടറില്‍ ഷെല്ലാക്രമണത്തില്‍ നിരവധി വീടുകള്‍ക്ക് തീപിടിച്ചു. ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയില്‍ പാകിസ്താൻ ഭാഗത്ത് നിരവധി മരണമുണ്ടായതായും നിരവധി സൈനിക പോസ്റ്റുകള്‍ തകർത്തതായും അധികൃതർ പറഞ്ഞു.

ഷെല്ലാക്രമണ പശ്ചാത്തലത്തില്‍ ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മിഷണർമാരുമായി വിഡിയോ കോണ്‍ഫറൻസിങ്ങിലൂടെ അടിയന്തര യോഗം ചേർന്നു. 

ലാൻസ് നായിക് ദിനേശ് കുമാർ

അതിർത്തി ജില്ലകള്‍ക്ക് 5 കോടി രൂപ വീതവും മറ്റു ജില്ലകള്‍ക്ക് 2 കോടി രൂപയും അടിയന്തരമായി അനുവദിക്കാൻ അദ്ദേഹം നിർദേശം നല്‍കി. 

അതിർത്തി പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കായി കൂടുതല്‍ ഷെല്‍ട്ടറുകളും ബങ്കറുകളും ഒരുക്കണമെന്നും ആവശ്യത്തിനുള്ള ഭക്ഷ്യ വസ്തുക്കള്‍ കരുതണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ