കണ്ണൂർ: തെരുവ് നായ്ക്കളുടെ ശല്യം എന്നും വാർത്തയാവാറുണ്ട്. പുറത്തിറങ്ങി നടക്കുമ്പോൾ നാടൊട്ടാകെ പരക്കം പാഞ്ഞു നടക്കുന്ന നായ്ക്കളെ പേടിക്കണം.
ഇപ്പോൾ ഇരുട്ടിന്റെ മറവിൽ ചെയ്തിരിക്കുന്നത് അതൊന്നുമല്ല. ആളെ ഉപദ്രവിക്കുകയല്ല ചെയ്തിരിക്കുന്നത്. കാറാണ് ലക്ഷ്യമിട്ടത്.
അതും കണ്ണൂർ ഡെപ്യൂട്ടി കലക്ടറുടെ ഔദ്യോഗിക വാഹനം. കാറിന്റെ ബമ്പറിന്റെ ഭാഗവും മഡ്ഗാർഡും നെയിം പ്ലേറ്റും കടിച്ചു കുടഞ്ഞെടുത്ത് ഇഞ്ചപ്പരുവമാക്കിയിട്ടുണ്ട്.
കലക്ടറേറ്റ് കെട്ടിട സമുച്ചയത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് നിർത്തിയിട്ടതായിരുന്നു കാർ. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവമെന്നാണ് കരുതുന്നത്.
കാറിനടിയിൽ പൂച്ചയോ മറ്റോ പതുങ്ങിയതു കൊണ്ടാവാം നായ്ക്കളെ പ്രകോപിപ്പിച്ചതെന്നാണ് നിഗമനം. മനുഷ്യരെ ആക്രമിക്കുന്ന നായ്ക്കൾ ഇപ്പോൾ ഭരണ സിരാ കേന്ദ്രങ്ങളിലാണ് അക്രമം നടത്തുന്നത്.