പലക്കാട് വീണ്ടും വൻ ലഹരി മരുന്ന് വേട്ട. തൃശൂർ പൂരത്തിന് വില്‍പ്പന നടത്താൻ ലക്ഷ്യമിട്ട് കൊണ്ടു വന്ന ഒരു കിലോയില്‍ അധികം വരുന്ന എംഡി എം എ എക്സൈസ് സംഘം വാളയാറില്‍ നിന്ന് പിടികൂടി.
അതേ സമയം പാലക്കാട് കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് 900 ഗ്രാം എം ഡി എം എ യുമായി ഇരിഞ്ഞാലക്കുട സ്വദേശി ദീക്ഷിത് ആണ് പിടിയിലായത്.
ബാംഗ്ലൂരില്‍ നിന്ന് ടൂറിസ്റ്റ് ബസില്‍ കോയമ്പത്തൂരില്‍ വന്നിറങ്ങി കെ.എസ്.ആർ.ടി.സിയില്‍ തൃശൂരിലേക്ക് പോകവേയാണ് ദീക്ഷിതിനെ എക്സൈസ് സംഘം പിടികൂടിയത്.
പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന എം.ഡി.എം.എയാണ് കണ്ടെടുത്തത്. ബാംഗ്ലൂരില്‍ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കാണ് എം.ഡി.എം.എ വാങ്ങിയതെന്ന് ഇയാള്‍ മൊഴി നല്‍കി.
അതേ സമയം, പ്രതി ദീക്ഷിതിൻ്റെ വീട്ടില്‍ നടത്തിയ പരിശോധനയിലും മയക്കു മരുന്നു കണ്ടെത്തിയിട്ടുണ്ട്. ഒരു കിലോയില്‍ അധികം കഞ്ചാവും 10 ഗ്രാം എം.ഡി.എം.എയും ഇയാളുടെ പുതുക്കാടുള്ള വീട്ടില്‍ നിന്ന് കണ്ടെടുത്തു.
ദീക്ഷിത് മയക്കു മരുന്ന് മൊത്ത വ്യാപാരിയാണെന്ന് എക്സൈസ് വ്യക്തമാക്കി. പാലക്കാട് ഇന്ന് പുലർച്ചെ പൊലീസ് നടത്തിയ പരിശോധനയില്‍ കെ.എസ്.ആർ.ടി.സി ബസ്റ്റാൻറിന് സമീപത്ത് വച്ച് 650 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പട്ടാമ്പി സ്വദേശികളെ പിടികൂടിയിരുന്നു.
