കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി മന്ത്രിയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. ബിജെപി മന്ത്രി വിജയ് ഷായ്‌ക്കെതിരെയാണ് കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശമുള്ളത്. സംസ്ഥാന പൊലീസ് മേധാവിയോടാണ് ഹൈക്കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സോഫിയ ഖുറേഷി ഭീകരരുടെ സഹോദരിയാണെന്നായിരുന്നു ബിജെപി മന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസമായിരുന്നു മന്ത്രി കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയത്. പൊതുപരിപാടിക്കിടെ ആയിരുന്നു സംഭവം. നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മള്‍ അയച്ചു എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
മന്ത്രിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ മന്ത്രി വിജയ് ഷാ മാപ്പ് പറയുകയുംചെയ്തിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പ്രതിരോധ-വിദേശകാര്യ മന്ത്രാലയം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലൂടെയാണ് കേണല്‍ ഖുറേഷി ശ്രദ്ധിക്കപ്പെടുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനായി വനിതാ ഉദ്യോഗസ്ഥരായ കേണല്‍ ഖുറേഷിയെയും വിങ് കമാന്‍ഡര്‍ വ്യോമികാസിങ്ങിനെയുമാണ് പ്രതിരോധ മന്ത്രാലയം ചുമതലപ്പെടുത്തിയത്.
വാര്‍ത്ത സമ്മേളനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടതിന് ശേഷമായിരുന്നു കേണല്‍ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രി അധിക്ഷേപ പരാമര്‍ശം നടത്തിയത്. എന്നാല്‍ സംഭവത്തില്‍ മാപ്പ് പറഞ്ഞെങ്കിലും നിയമ നടപടികള്‍ തുടരാനാണ് കോടതിയുടെ നിര്‍ദ്ദേശം.