Zygo-Ad

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസ് : സ്വര്‍ണ തകിട് ഒരടി താഴ്‍ചയില്‍ കുഴിച്ചിട്ട നിലയില്‍


തിരുവനന്തപുരം∙ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ വാതിലിൽ സ്വർണം പൂശാൻ പുറത്തെടുത്ത സ്വർണത്തിൽ കാണാതായ 13 പവൻ (107 ഗ്രാം) തകിട് തിരികെ കിട്ടിയെങ്കിലും ദുരൂഹത നീങ്ങുന്നില്ല. 

മോഷണ ശ്രമമല്ലെന്നു ഡിസിപി പറഞ്ഞെങ്കിലും സ്വർണത്തകിട് മണ്ണിൽ ഒരടിയോളം താഴ്ചയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതാണ് സംശയത്തിനു കാരണം.

 ക്ഷേത്ര ശ്രീകോവിലിന്റെ പ്രധാന വാതിൽ സ്വർണം പൂശുന്ന പ്രവൃത്തികൾ ഏതാനും മാസങ്ങളായി തുടരുകയാണ്. 

ഇതിനായി സ്ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള സ്വർണം പുറത്തെടുക്കുകയും ഓരോ ദിവസത്തെയും പണികൾ കഴിഞ്ഞ ശേഷം തിരികെ സ്ട്രോങ് റൂമിൽ സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്.

സുരക്ഷാ ചുമതലയുള്ള പൊലീസിന്റെയും ക്ഷേത്രത്തിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിലാണു സ്വർണം എടുക്കുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് അവസാനമായി സ്വർണം പൂശൽ നടത്തിയത്. 

ഇതിനു ശേഷം തിരികെ വച്ച സ്വർണം വെള്ളി രാവിലെ പുറത്ത് എടുത്തപ്പോഴാണ് അളവിൽ കുറവുള്ള വിവരം ശ്രദ്ധയിൽപെട്ടത്. ശ്രീ കോവിലിനു മുന്നിലെ ഒറ്റക്കൽ മണ്ഡപത്തിലാണ് സ്വർണം പൂശൽ പ്രവർത്തനങ്ങൾ നടത്തുന്നത്. 

ഈ സ്ഥലത്ത് വെളിച്ചം കുറവായതിനാൽ തറയിൽ വീണതാകാം എന്ന കണക്കുകൂട്ടലിൽ ആയിരുന്നു ശനിയാഴ്ച പൊലീസ് തിരച്ചിൽ നടത്തിയത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് അരിച്ചുപെറുക്കി പരിശോധിച്ചിട്ടും സ്വർണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

സംഭവം ചർച്ചയായതിനു പിന്നാലെ ഞായർ വൈകിട്ട് സ്ട്രോങ് റൂമിന് സമീപത്തെ ഇടുങ്ങിയ ഭാഗത്ത് മണ്ണിൽ ഒരടിയോളം താഴ്ചയിൽ നഷ്ടപ്പെട്ട സ്വർണത്തകിട് കണ്ടെത്തുകയായിരുന്നു. 

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കഴിഞ്ഞ ഒക്ടോബറിൽ പുരാതന തളിപ്പാത്രം കാണാതായിരുന്നു. ഹരിയാന സ്വദേശിയായ ഭക്തൻ പൂജാ സാധനങ്ങൾക്കൊപ്പം തളിപ്പാത്രം കൊണ്ടു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കണ്ടെത്തിയത്.

വളരെ പുതിയ വളരെ പഴയ