തിരുവനന്തപുരം : കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ്റെ താരിഫ് ഉത്തരവ് പ്രകാരം ഭിന്നശേഷികാരും ക്യാൻസർ രോഗികളും താമസ്സിക്കുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള (BPL) വീടുകള്‍കള്‍ക്ക് താരീഫില്‍ പ്രത്യേക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
5/12/ 2024 മുതല്‍ 31/03/ 2027 വരെയാണ് ഈ ഇളവ് ബാധകമാവുക.
1. ഇളവ് എങ്ങനെ?
ഭിന്നശേഷിക്കാരോ ക്യാൻസർ രോഗികളോ താമസ്സിക്കുന്ന വീടുകളിലെ പ്രതിമാസ ഉപഭോഗത്തിലെ ആദ്യ 100 യൂണിറ്റ് ഉപഭോഗം വരെ പ്രതി യൂണിറ്റിന് 1.50 രൂപ എന്ന കുറഞ്ഞ നിരക്കാണ് താരീഫ് ഉത്തരവ് പ്രകാരം നല്‍കേണ്ടി വരുക.
100 യൂണിറ്റിന് മുകളില്‍ വരുന്ന ഉപഭോഗത്തിന് താരിഫ് സ്ലാബ് പ്രകാരമുള്ള നിരക്ക് ബാധകമാവും.
ഉദാ: പ്രതിമാസ ഉപഭോഗം = 135 യൂണിറ്റ്
ആദ്യ 100 യൂണിറ്റ് = 100 x 1.5 രൂപ ( സബ്സിഡൈസ്ഡ് താരിഫ്) = 150 രൂപ
ബാക്കി 35 യൂണിറ്റ് = 35 x 5.35 ( 100 ന് മുകളില്‍ 150 വരെയുള്ള താരിഫ്) = 187.25 രൂപ
ആകെ = 150 + 187.25 = 337.25 രൂപ
2. ആർക്കെല്ലാം ലഭ്യമാവും ?
40 ശതമാനമോ അതിലധികമോ സ്ഥിരമായ ഭിന്നശേഷിയുള്ളവരോ ( Permaent Disability of & above 40%) ക്യാൻസർ രോഗികളോ താമസ്സിക്കുന്ന 2000 വാട്ടോ അതില്‍ താഴെയോ കണക്റ്റഡ് ലോഡുമുള്ള ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള (BPL) കുടുംബങ്ങള്‍ക്ക് ഈ ഇളവ് ലഭ്യമാവും.
3. ഓഫീസില്‍ സമർപ്പിക്കേണ്ട രേഖകള്‍ ?
A. ഉപഭോക്താവിൻ്റെ അപേക്ഷ
B. ഭിന്നശേഷിയുള്ള / ക്യാൻസർ രോഗിയായ വ്യക്തി, ഉപഭോക്താവിൻ്റെ കൂടെ താമസ്സിക്കുന്നയാളാണെന്ന് തെളിയിക്കാനുള്ള രേഖ.
ഇതിനായി റേഷൻ കാർഡിൻ്റെ കോപ്പിയോ, വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റോ ഉപയോഗിക്കാം.
C. ഭിന്നശേഷിയുള്ള / ക്യാൻസർ രോഗിയായ വ്യക്തിയുടെ പേരിലാണ് വൈദ്യുതി കണക്ഷനെങ്കില്‍ "B" പ്രകാരമുള്ള രേഖ ആവശ്യമില്ല.
D. ഭിന്നശേഷിക്കാരനെങ്കില്‍ 40 ശതമാനമോ അതിലധികമാ സ്ഥിര ഭിന്നശേഷിയുണ്ടെന്ന് (Permaent Disability) തെളിയിക്കുന്ന മെഡിക്കല്‍ ബോർഡിൻ്റെ സർട്ടിഫിക്കറ്റ്. ക്യാൻസർ രോഗിയെങ്കില്‍ ഗവണ്‍മെൻ്റ് മെഡിക്കല്‍ പ്രാക്റ്റീഷ്യനറുടെ മെഡിക്കല്‍ സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ പ്രമുഖ ക്യാൻസർ ട്രീറ്റ്മെൻ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള സർട്ടിഫിക്കറ്റ്.
E. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ബിപിഎൽ സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ വാർഷിക വരുമാനം 50,000 രൂപയില്‍ താഴെ എന്ന് തെളിയിക്കുന്ന വരുമാന സർട്ടിഫിക്കറ്റ്.
4. വിതരണ ഓഫീസുകള്‍ ചെയ്യേണ്ടത്.
മേല്‍പ്പറഞ്ഞ രേഖകളോടൊപ്പമുള്ള അപേക്ഷകള്‍ പരിശോധിച്ച് ഫീല്‍ഡ് ഇൻസ്പെക്ഷൻ നടത്തി ഉപഭോക്താവിൻ്റെ കണക്റ്റഡ് ലോഡ് 2 കിലോ വാട്ടിന് മുകളിലല്ല എന്ന് ഉറപ്പാക്കണം.
ആയതിന ശേഷം ബില്ലിംഗ് സോഫ്റ്റ് വെയറില്‍ സെക്ഷൻ ഇനിഷ്യേറ്റഡായി ഉപഭോക്താവിൻ്റെ പർപ്പസ് Domestic Cancer/ Disabled ആക്കി മാറ്റണം. തുടർന്ന് വരുന്ന ബില്ലുകളില്‍ ഉപഭോക്താവിന് ഇളവ് ലഭിച്ചു തുടങ്ങും.