കണ്ണൂർ : പഴയ ബസ് സ്റ്റാന്റിന് സമീപത്തെ റെയില്‍വേ അണ്ടർ ബ്രിഡ്ജിലെ മഴക്കാല വെള്ളക്കെട്ട് പരിഹരിക്കാൻ കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ തീവ്ര ശ്രമം വിജയം കണ്ടു.
ചെറിയ മഴ പെയ്താല്‍ കണ്ണൂരിന്റെ ഹൃദയ ഭാഗമായ മുനീശ്വരൻ കോവില്‍, റെയില്‍വേ സ്റ്റേഷൻ, പ്രഭാത്, താളിക്കാവ്, പാസ്പോർട്ട് ഓഫീസ് തുടങ്ങിയ പ്രധാനപ്പെട്ട ഇടങ്ങളിലേക്കും വ്യാപാര കേന്ദ്രങ്ങളിലേക്കും പോകാനുള്ള പ്രധാനപ്പെട്ട വഴിയാണ് വെള്ളക്കെട്ടില്‍ കുടുങ്ങുന്നത്.
ചെറിയ മഴയ പെയ്താല്‍ വെള്ളം നിറയുന്നതിനാല്‍ ഓട്ടോറിക്ഷകള്‍ സർവ്വീസ് നിർത്തുകയും ബസ് വെള്ളം തെറിപ്പിച്ച് കാല്‍നട യാത്രക്കാർക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുന്നത് സ്ഥിരമാണ്.
ഇതിന് പ്രധാന കാരണമായി കോർപ്പറേഷൻ ചൂണ്ടിക്കാട്ടുന്നത് ഈ റോഡിലെ വെള്ളം ക്രോസ് ചെയ്ത് പോകേണ്ടത് റെയില്‍വേ ഓവുചാലിലേക്കാണ്.
കോർപറേഷൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും റെയില്‍വേ മണ്ണ് നീക്കാത്തതിനാല്‍ ഏതാണ്ട് 800 മീറ്ററോളം റെയില്‍വേ ഭാഗത്തെ മണ്ണ് കോർപ്പറേഷൻ ശുചീകരണ തൊഴിലാളികള്‍ കുത്തനെയുള്ള ഓവുചാലില്‍ ഇറങ്ങി മണ്‍വെട്ടി ഉപയോഗിച്ച് നീക്കി.
കൂടാതെ പഴയ ബസ് സ്റ്റാന്റ് മുതല്‍ മുനീശ്വരൻ കോവില്‍ റോഡ് ജംഗ്ഷൻ വരെ ഫുട്പാത്തിലെ സ്ലാബ് മാറ്റി ഇവിടെയും ഉള്ള മണ്ണ് നീക്കം ചെയ്തു. ഇതോടെയാണ് വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായത്.