തിരുവനന്തപുരം: സംസ്‌ഥാന പോലീസ് സേനയ്‌ക്കു നേട്ടങ്ങളേറെ നല്‍കിയ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി എസ്.പി ഡി. ശില്‍പയ്‌ക്ക് പുതിയ നിയോഗം.
2016 ബാച്ച് ഉദ്യോഗസ്‌ഥയായ ശില്‍പ ഇനി സി.ബി.ഐയുടെ ഭാഗം. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം
കേരളവും അംഗീകരിച്ചു. അഞ്ചു കൊല്ലത്തേക്ക് സി.ബി.ഐയില്‍ ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കാന്‍ സംസ്‌ഥാന അഭ്യന്തര വകുപ്പ് അനുമതി നല്‍കി. സി.ബി.ഐയില്‍ എസ്.പി. തസ്‌തികയിലാകും നിയമനം. ശില്‍പയ്‌ക്ക് പകരമായി കണ്ണൂര്‍ റൂറല്‍ എസ്.പിക്ക് അധിക ചുമതല നല്‍കി.
കേരളത്തെ ഞെട്ടിച്ച കൊല്ലത്തെ ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്‌മയുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചത് അന്ന് തിരുവനന്തപുരം ജില്ലാ റൂറല്‍ പോലീസ് മേധാവിയായിരുന്ന ഡി. ശില്‍പയുടെ മേല്‍നോട്ട മികവാണ്.
കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയായി എത്തിയപ്പോള്‍ കുടുങ്ങിയത് ആഭിചാര ക്രിയയുടെ മറവില്‍ പ്രവാസിയെ കൊന്നു തള്ളിയ ജിന്നുമ്മയാണ്.
തെളിവുകള്‍ ഒന്നും ഇല്ലെന്ന് കരുതിയിടത്തു നിന്നായിരുന്നു പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ മസ്‌ജിദിന് സമീപത്തെ ബൈത്തുല്‍ റഹ്‌മയിലെ എം.സി.അബ്‌ദുള്‍ ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകമെന്ന് ശില്‍പയും സംഘവും തെളിയിച്ചത്. കാസര്‍ഗോട്ടെ ആദ്യ വനിതാ ജില്ലാ പോലീസ് മേധാവിയെന്ന പ്രത്യേകതയും ശില്‍പയ്‌ക്കുണ്ട്.
ഇത്തരം കുറ്റാന്വേഷണ മികവ് കേന്ദ്ര ഏജന്‍സികളുടേയും ശ്രദ്ധയിലെത്തി. ഇതും സി.ബി.ഐയിലേക്കുള്ള പുതിയ ദൗത്യത്തിന് കാരണമായി.
ബംഗളൂരു എച്ച്.എസ്.ആര്‍. ലേ ഔട് സ്വദേശിയായ ശില്‍പ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിസിനസ് അഡ്‌മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.