Zygo-Ad

നിക്ഷേപ തട്ടിപ്പ് കേസ്; കണ്ണൂരില്‍ മാത്രം നിരവധി കേസ് - എട്ട് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ റിമാന്റ് ചെയ്തു


തളിപ്പറമ്പ് : നിക്ഷേപ തട്ടിപ്പ് കേസില്‍ എട്ട് വർഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ റിമാന്റ് ചെയ്തു. കോട്ടയം കുടമാളൂർ വൈഷ്ണവത്തില്‍ വൃന്ദ രാജേഷാണ് നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്റിലായത്.

തളിപ്പറമ്പില്‍ ഉള്‍പ്പെടെ നിക്ഷേപത്തട്ടിപ്പില്‍ കോടാനു കോടി രൂപ തട്ടിയെടുത്തതായി സൂചന. കഴിഞ്ഞ ദിവസം കീഴടങ്ങിയ പ്രതിയെ റിമാന്റ് ചെയ്തു.

തളിപ്പറമ്പ് ചിറവക്ക് കേന്ദ്ര മാക്കി പ്രവർത്തിച്ചിരുന്ന സിഗ്‌സ്ടെക്ക് സ്ഥാപനത്തിലെ പ്രധാനിയാണ് ഇവർ. ഇവരുടെ ഭർത്താവ് രാജേഷാണ് കമ്പനി ഉടമയെങ്കിലും ആസൂത്രികയായി പ്രവർത്തിച്ചത് വൃന്ദയാണ്. 

ആയിരക്കണക്കിന് ഇടപാടുകാരെയാണ് സ്ഥാപനം തട്ടിപ്പിനിരയാക്കിയത്. 2017ലാണ് സിഗ്‌സ്ടെക് അടച്ചു പൂട്ടിയത്. 

സ്ഥാപനത്തിൻ്റെ പ്രമോട്ടർമാരായി പ്രവർത്തിച്ചവരും ജീവനക്കാരും ഉള്‍പ്പെടെ നിരവധി പേർ കേസില്‍ പ്രതിയാവുകയും ജയിലിലടക്കപ്പെടുകയും ചെയ്തു‌. അക്കൂട്ടത്തില്‍ സ്ത്രീകളുമുണ്ടായിരുന്നു. എന്നാല്‍ എട്ടു വർഷമായി വൃന്ദ രാജേഷ് ഒളിവില്‍ കഴിയുകയായിരുന്നു.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലുള്‍പ്പെടെ വൃന്ദ രാജേഷ് ഒളിവില്‍ കഴിഞ്ഞ ഇവർ ആഢംബര ജീവിതം നയിച്ചതായും സൂചനയുണ്ട്. കുടമാളൂരിലെ ആഢംബര വീട് രണ്ടരക്കോടി രൂപയ്ക്ക് വില്‍പ്പന നടത്തിയാണ് വൃന്ദ രാജേഷ് സ്ഥലം വിട്ടത്. 

ഇവർ കേരളത്തിന് പുറത്ത് ഭൂമി വാങ്ങിയതായും സൂചന ലഭിച്ചിട്ടുണ്ട്. സിഗ്‌സ്ടെക് മറ്റൊരു ധനകാര്യ സ്ഥാപനവുമുണ്ടായിരുന്നു. 

സ്വർണ പണയമായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാന ഇടപാട്. പണയം വെച്ചവരുടെ സ്വർണം മുഴുവൻ സ്ഥാപനം പൂട്ടുന്നതിന് മുമ്പ് ഇവർ കൈക്കലാക്കിയിരുന്നു.

കോട്ടയത്തില്‍ മാത്രം നൂറിലേറെ കേസാണ് വൃന്ദ രാജേഷിന്റെ പേരിലുള്ളത്. കണ്ണൂരില്‍ 10, തളിപ്പറമ്പില്‍ 16, പയ്യന്നൂരില്‍ 15, തലശ്ശേരിയില്‍ 10, കാസർക്കോട് 60, കാഞ്ഞങ്ങാട് 20, വടകരയില്‍ 15 എന്നിങ്ങനെ ഇവർക്കെതിരെ കേസുണ്ട്. 

കേസിലെ ജീവനക്കാരികളടക്കം അറസ്റ്റിലായിട്ടും ഇവരെ പിടികൂടാത്ത പ്രധാന വിഷയം മറ്റ് പ്രതികളുടെ അഭിഭാഷകർ തന്നെ പയ്യന്നൂർ മജിസ്ട്രേറ്റ് കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതേത്തുടർന്ന് വൃന്ദ രാജേഷിനെ പിടികൂടാൻ മജിസ്ട്രേട്ട് പോലീസിന് നിർദേശം നല്‍കിയിരുന്നു.

വളരെ പുതിയ വളരെ പഴയ