കണ്ണൂര്‍: കണ്ണൂരില്‍ സ്വകാര്യ ബസ് ഇടിച്ച് ലോറി അപകടത്തില്‍പ്പെട്ടതിന്‍റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് പിന്നില്‍ നിന്ന് ലോറിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലോറിയെ മറികടക്കുന്നതിനിടെയാണ് ബസ് പിന്നില്‍ നിന്ന് ഇടിച്ചത്.
ഇതോടെ നിയന്ത്രണം വിട്ട ലോറി റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറി. മരം കടപുഴകി വീഴുകയും ചെയ്തു. മരത്തിലിടിച്ചാണ് ലോറി നിന്നത്.
കണ്ണൂര്‍ പള്ളിക്കുന്നില്‍ ഇന്നലെ വൈകിട്ടുണ്ടായ ദാരുണമായ അപകടത്തില്‍ ലോറി ഡ്രൈവര്‍ കൊണ്ടോട്ടി സ്വദേശി ജലീലാണ് മരിച്ചത്. അപകടത്തിന്‍റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്.
ബസിന്‍റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. മരത്തിലിടിച്ചാണ് ലോറി നിന്നത്.
വെട്ടു കല്ലുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ ക്യാബിനടക്കം പൂര്‍ണമായും തകര്‍ന്നു. ലോറിയുടെ ഉടമ ലോറിയുടെ ഇടതുവശത്ത് ഇരിക്കുന്നതിനാലാണ് രക്ഷപ്പെട്ടത്.
കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടിലായാലും കണ്ണൂര്‍ -കോഴിക്കോട് റൂട്ടിലായാലും കണ്ണൂര്‍-കാസർഗോഡ് റൂട്ടിലായാലും ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസുകള്‍ക്ക് റോഡിലൂടെ എങ്ങനെയാണ് പായുന്നതെന്നിന്‍റെ ഉദാഹരണമാണ് ഈ അപകടമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അശ്രദ്ധമായുള്ള സ്വകാര്യ ബസുകളുടെ ഓട്ടം സംബന്ധിച്ച പരാതികള്‍ വ്യാപകമാണ്. അപകടത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയാരംഭിച്ചിട്ടുണ്ട്. ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.
ലോറിയുടെ കാബിനില്‍ നിന്നും ജലീലിനെ പൊലിസും ഫയര്‍ ഫോഴ്സും പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.