Zygo-Ad

ബേക്കൽ ബീച്ചിൽ ഇനി 'സ്കൈ ഡൈനിങ്'; സംസ്ഥാനത്ത് ആദ്യം


കാസർഗോഡ്: ബേക്കൽ ബീച്ചിലെത്തുന്ന സന്ദർശകരെ കാത്ത് ഇനി നവീന അനുഭവം. സംസ്ഥാനത്ത് ആദ്യമായി സ്കൈ ഡൈനിങ് ബേക്കൽ ബീച്ചിൽ ആരംഭിച്ചു. 

142 അടി ഉയരത്തിൽ പ്രത്യേകം ഒരുക്കിയ ഇരിപ്പിടത്തിൽ ഇരുന്നു സന്ദർശകർക്ക് കാഴ്ചകൾ കാണാം. ഇതിനായി പ്രത്യേക ക്രെയിനും സജ്ജീകരിച്ചിട്ടുണ്ട്. ഒരു സമയം 12 പേർക്ക് പ്രത്യേകം ഒരുക്കിയ കസേരയിൽ ഇരുന്നു കാഴ്ചകൾ കാണാം.

പ്രാദേശിക വിനോദ സഞ്ചാരികൾ, വ്യത്യസ്ത അനുഭവങ്ങൾ ആ​ഗ്രഹിക്കുന്ന സഞ്ചാരികൾ, ബോർഡ് യോ​ഗങ്ങൾ ചേരാനുള്ള സൗകര്യമെന്ന നിലയിൽ കോർപറേറ്റ് കമ്പനികളേയും ആകർഷിക്കുന്നതിനും അധികൃതർ ലക്ഷ്യമിടുന്നു. ജന്മ ദിനങ്ങൾ ആഘോഷിക്കാനും ഈ സ്കൈ ഡൈനിങ് സൗകര്യം അവസരമൊരുക്കുന്നു. 

ഒരു സീറ്റിനു 700 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക കഴിവുകളും അധികൃതർ വാ​ഗ്ദാനം ചെയ്യുന്നു.

എലിവേറ്റഡ് ഡൈനിങ് ഓപ്ഷൻ സാഹസികതയും മികച്ച ഡൈനിങും സംയോജിപ്പിച്ചു സന്ദർശകർക്കു അസാധാരണ അനുഭവമായിരിക്കുമെന്നു ബേക്കൽ ബീച്ച് പാർക്ക് ഡയറക്ടർ അനസ് മുസ്തഫ പറഞ്ഞു. 

സ്കൈ ഡൈനിങ് വരുന്നതോടെ ബേക്കൽ ഉറപ്പായും സന്ദർശിക്കേണ്ട വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം മഴക്കാലത്ത് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി സ്കൈ ഡൈനിങ് പ്രവർത്തിക്കില്ല. 

ക്രെയിൻ, ഡൈനിങ് ടേബിൾ, മറ്റ് അവശ്യ സൗകര്യങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനായി പദ്ധതിയ്ക്കായി 2.5 കോടി രൂപയുടെ നിക്ഷേപം നടത്തിയതായും അധികൃതർ വെളിപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ