Zygo-Ad

ഗേറ്റ് തുറക്കാന്‍ വൈകിയതിന് സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ മുഹമ്മദ് നിഷാമിന് പരോള്‍; പൊലീസ് എതിര്‍ത്തിട്ടും നിഷാമിന് പരോള്‍ അനുവദിച്ചത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്


തൃശൂര്‍: ശോഭ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ആഢംബര കാറിടിച്ച്‌ കൊലപ്പെടുത്തിയ മുഹമ്മദ് നിഷാമിന് പരോള്‍ അനുവദിച്ച്‌ ഹൈക്കോടതി.

പൊലീസ് റിപ്പോര്‍ട്ടിലെ എതിര്‍പ്പിനെ തുടര്‍ന്ന് സിംഗിള്‍ ബഞ്ച് തള്ളിയ മുഹമ്മദ് നിഷാമിന്റെ ഹര്‍ജിയില്‍ ഡിവിഷന്‍ ബഞ്ചാണ് പരോള്‍ അനുവദിച്ചത്.

മുഹമ്മദ് നിഷാമിന്റെ ഭാര്യ നല്‍കിയ അപേക്ഷയിലാണ് കോടതി പരോള്‍ നല്‍കിയത്. 2015 ജനുവരി 29ന് തൃശ്ശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഢംബര വാഹനമായ ഹമ്മര്‍ കൊണ്ട് ഇടിച്ചിട്ട ശേഷം മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. 

ഗേറ്റ് തുറക്കാന്‍ വൈകിയതിനാണ് ചന്ദ്രബോസിനെ മുഹമ്മദ് നിഷാം കൊലപ്പെടുത്തിയത്.

ചന്ദ്രബോസ് വധക്കേസില്‍ നിഷാമിനെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കൂടാതെ വിവിധ വകുപ്പുകളിലായി 24 വര്‍ഷം തടവും 80.30 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. 

പിഴത്തുകയില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കണമെന്നായിരുന്നു ഉത്തരവ്. വിചാരണ കോടതിയുടെ വിധി പിന്നീട് ഹൈക്കോടതിയും ശരിവെച്ചു.

എന്നാല്‍ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 

മുഹമ്മദ് നിഷാം നേരത്തെയും പരോള്‍ നേടി വിവിധ സമയങ്ങളില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. നിലവില്‍ ഇയാള്‍ വിയൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

മുഹമ്മദ് നിഷാമിന്റെ പരോള്‍ വ്യവസ്ഥകള്‍ തീരുമാനിക്കേണ്ടത് ജയില്‍ വകുപ്പാണ്. പരോള്‍ അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവ് ജയില്‍ അധികൃതര്‍ ഇനി സര്‍ക്കാരിന് കൈമാറും. 

മാതാവിന്റെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയിച്ചാണ് പ്രതി 30 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 15 ദിവസമാണ് ഇയാള്‍ക്ക് കോടതി പരോളിനായി നല്‍കിയിട്ടുള്ളത്.

വളരെ പുതിയ വളരെ പഴയ