തിരുവനന്തപുരം: ''ഞാൻ എന്തോരം കഷ്ടപ്പെട്ട് പഠിച്ചിട്ട് കിട്ടിയതാ, അർഹതപ്പെട്ട ജോലിയല്ലേ ചോദിക്കുന്നത്. എനിക്കെന്‍റെ അച്ഛനെയും അമ്മയെയും നോക്കണം.
ഞാൻ ആരുടെയും കാലു പിടിക്കാം...ഞങ്ങളെ കൈവിടല്ലേ '' സി.പി.ഒ ഉദ്യോഗാർഥി ആരതി സെക്രട്ടേറിയറ്റിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് അപേക്ഷിക്കുകയാണ്.
''ജോലി കിട്ടാൻ കഷ്ടപ്പെട്ട് പഠിച്ചാല്‍ മാത്രം പോരാ, സമരമുറകള്‍ പഠിക്കണം. 11 ദിവസം കൂടി കഴിയുമ്പോള്‍ ഞങ്ങളുടെ ജീവിതം വീണ്ടും വട്ടപ്പൂജ്യത്തിലേക്ക് എത്തുകയാണ്.
പിഞ്ചു കുഞ്ഞിനെപ്പോലും വീട്ടില്‍ അമ്മയെ ഏല്‍പിച്ചാണ് സെക്രട്ടേറിയറ്റിനു മുന്നിലെ റോഡില്‍ വന്നു കിടക്കുന്നത്. മുദ്രാവാക്യം വിളിക്കാനൊന്നും ഞങ്ങള്‍ക്കറിയില്ല.
സർക്കാർ കനിയണം.''-മറ്റൊരു ഉദ്യോഗാർഥി അഖില തൊഴുകൈയോടെനിന്ന് കരയുകയാണ്. കൂട്ടുകാരികളുടെ കരച്ചില്‍ കണ്ട് സമരമുഖത്തുണ്ടായിരുന്ന് മറ്റ് ഉദ്യോഗാർഥികളുടെയും സങ്കടം അണപൊട്ടി.
നിയമനമാവശ്യപ്പെട്ട് വനിത സിവില്‍ പൊലീസ് ഓഫിസേഴ്സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവർ സെക്രട്ടേറിയറ്റിനുമുന്നില്‍ ആരംഭിച്ച നിരാഹാര സമരം ആറു ദിവസം പിന്നിട്ടിട്ടും സമരക്കാരുമായി ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുപോലെ കണ്ണടച്ചതില്‍ സങ്കടത്തിലാണ് ഉദ്യോഗാർഥികള്‍.
നിരാഹാരം കിടന്നും സെക്രട്ടേറിയറ്റിനു മുന്നില്‍ ശയന പ്രദക്ഷിണം നടത്തിയും കല്ലുപ്പില്‍ മുട്ടുകുത്തി നിന്നും സമരം ചെയ്ത അവർ തിങ്കളാഴ്ച കൈകാലുകള്‍ പരസ്പരം ബന്ധിപ്പിച്ച് പ്ലാവില തൊപ്പിയും തലയിലേന്തിയാണ് പ്രതിഷേധിച്ചത്.
എന്നാൽ, ഇന്ന് അവർ സമര വീര്യം ഒട്ടും ചോർന്നിട്ടില്ലെന്നു വീണ്ടും തെളിയിക്കുന്ന രീതിയിൽ ഓരോരുത്തരും സ്വന്തം ഉള്ളം കയ്യിൽ കർപ്പൂരം കത്തിച്ച് പിടിച്ചാണ് പ്രതിഷേധിച്ചത്.
മെയിൻ ലിസ്റ്റില്‍ 674, സപ്ലിമെന്‍ററി ലിസ്റ്റില്‍ 293 എന്നിങ്ങനെ 967 പേരെയാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഏപ്രില്‍ 19ന് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാനിരിക്കെ, 292 പേർക്ക് മാത്രമാണ് നിയമന ശിപാർശ ലഭിച്ചത്.
ഇതില്‍ 60 ഉം എൻ.ജെ.ഡി (നോണ്‍ ജോയിനിങ് ഡ്യൂട്ടി) ആണ്. അതായത് പുതുതായി റിപ്പോർട്ട് ചെയ്തത് 232 ഒഴിവ് മാത്രം. മുൻ റാങ്ക് ലിസ്റ്റില്‍ നിന്ന് 815 പേർക്ക് നിയമന ശിപാർശ ലഭിച്ചിരുന്ന സ്ഥാനത്താണിത്.