Zygo-Ad

കേട്ടതുപോലെയല്ല, എല്ലാ നിയമ ലംഘനങ്ങള്‍ക്കും ഫോട്ടോയെടുത്ത് പിഴ ഈടാക്കുമെന്ന് എം വി ഡി

 


തിരുവനന്തപുരം:ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തില്‍ വന്ന വാർത്ത തെറ്റെന്ന് മോട്ടോർ വെഹിക്കിള്‍ ഡിപ്പാർട്ട്മെന്‍റ്.

എല്ലാത്തരം മോട്ടോർ വാഹന നിയമലംഘനങ്ങള്‍ക്കും ഇ-ചെല്ലാൻ സംവിധാനം മുഖേന ചെല്ലാൻ തയ്യാറാക്കി പിഴ ചുമത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് എംവിഡി അറിയിച്ചു. അതേസമയം ഏതെങ്കിലും കാരണവശാല്‍ സാധുതയുള്ള രേഖകള്‍ കൈവശം ഉണ്ടായിട്ടും വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ടെങ്കില്‍ യഥാർത്ഥ രേഖ ഹാജരാക്കിയാല്‍ പിഴ ഒഴിവാക്കി കൊടുക്കുന്നതാണെന്നും എംവിഡി വ്യക്തമാക്കി.

എംവിഡിയുടെ അറിയിപ്പ്

കേന്ദ്ര മോട്ടോർ വാഹന ചട്ടം 167 എയില്‍ റോഡ് സുരക്ഷയെ നേരിട്ട് ബാധിക്കുന്ന അമിതവേഗം, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുക, അനധികൃത പാർക്കിംഗ്, ട്രാഫിക് സിഗ്നലില്‍ റെഡ് ലൈറ്റ് അവഗണിക്കുക. അമിതഭാരവും അമിത അളവുകളും ഉള്ള ചരക്കുകള്‍ വഹിക്കുക, ലെയിൻ നിയമങ്ങള്‍ ലംഘിക്കുക, ചരക്ക് വാഹനങ്ങളില്‍ ആളെ കയറ്റുക, നമ്ബർ പ്ലേറ്റ് ശരിയായി പ്രദർശിപ്പിക്കാതെ ഇരിക്കുക, എമർജൻസി വാഹനങ്ങളുടെ വഴി മുടക്കുക തുടങ്ങിയ 12 നിയമലംഘനങ്ങള്‍ക്ക് എ ഐ ക്യാമറകള്‍ പോലെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ മുഖേന ഇ-ചെല്ലാൻ സംവിധാനത്തില്‍ ഓട്ടോമേറ്റ്ഡ് ചെല്ലാനുകള്‍ തയ്യാറാക്കി പിഴ ചുമത്തുന്നതിന് വ്യവസ്ഥ ചെയ്‌തിട്ടുള്ളതാണ്. 

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുന്നതോടൊപ്പം തന്നെ, വാഹനം തടഞ്ഞ് നിർത്തിച്ച്‌ പരിശോധിക്കാൻ സാധിക്കാതെ വരുമ്ബോള്‍ നിയമലംഘനത്തിന്‍റെ ചിത്രം പകർത്തി ഇ-ചെല്ലാൻ സംവിധാനം മുഖേന ചെല്ലാൻ തയ്യാറാക്കി എല്ലാത്തരം നിയമ ലംഘനങ്ങള്‍ക്കും പിഴ ചുമത്താൻ കേന്ദ്ര മോട്ടോർ വാഹന നിയമം അധികാരപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ കേന്ദ്ര മോട്ടോർ വാഹന ചട്ടം 167(1), (2) പ്രകാരം എല്ലാത്തരം മോട്ടോർ വാഹന നിയമ ലംഘനങ്ങള്‍ക്കും ഇ-ചെല്ലാൻ സംവിധാനം മുഖേന ചെല്ലാൻ തയ്യാറാക്കി പിഴ ചുമത്തുന്നതിന് സംസ്ഥാന സർക്കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയിട്ടുണ്ട്.

രേഖകള്‍ സാധുതയുണ്ടായിട്ടും കേസുകള്‍ വന്നതുമൂലം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായി എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് വകുപ്പിലെ ഉദ്യോഗസ്ഥർക്കായുള്ള നിർദ്ദേശം മോട്ടോർ വാഹന വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഏതെങ്കിലും കാരണവശാല്‍ സാധുതയുള്ള രേഖകള്‍ കൈവശം ഉണ്ടായിട്ടും വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ടെങ്കില്‍ യഥാർത്ഥ രേഖ ഹാജരാക്കിയാല്‍ പിഴ ഒഴിവാക്കി കൊടുക്കുന്നതാണ്.

പ്രസ്‌തുത നിർദ്ദേശങ്ങളെ തെറ്റായി വ്യാഖ്യാനം ചെയ്‌ത്, വാഹനം തടഞ്ഞു നിർത്തി പരിശോധിക്കാതെ ഉദ്യോഗസ്ഥർ തയ്യാറാക്കിയ ചെല്ലാനുകളില്‍ റൂള്‍സ് 167എയില്‍ പ്രതിപാദിക്കുന്ന 12 നിയമലംഘനങ്ങള്‍ക്ക് മാത്രമാണ് സാധുത ഉള്ളത് എന്നും അങ്ങനെ അല്ലാതെ പിഴ ചുമത്തിയ കേസുകള്‍ റദ്ദാക്കുമെന്നും മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത് തികച്ചും വാസ്‌തവ വിരുദ്ധമാണെന്നും എല്ലാത്തരം മോട്ടോർ വാഹന നിയമലംഘനങ്ങള്‍ക്കും ഇ-ചെല്ലാൻ സംവിധാനം മുഖേന ചെല്ലാൻ തയ്യാറാക്കി പിഴ ചുമത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണെന്നും ഇതിനാല്‍ അറിയിക്കുന്നു.

വളരെ പുതിയ വളരെ പഴയ