ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ ബുക്കിങ്ങിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എൽപിജി ക്ഷാമം ഉണ്ടായേക്കാമെന്ന ആശങ്കയെത്തുടർന്ന് ബുക്കിങ്ങിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് എണ്ണ വിതരണ കമ്പനികൾ നിയന്ത്രണങ്ങൾ കർശനമാക്കിയത്.
പുതിയ ഉത്തരവ് പ്രകാരം എൽപിജി റീഫില്ലുകൾക്ക് 21 ദിവസത്തെ ലോക്ക്-ഇൻ പിരീഡ് ഏർപ്പെടുത്തിയിട്ടുണ്ട്. അതായത് ഒരു സിലിണ്ടർ ബുക്ക് ചെയ്താൽ അടുത്ത ബുക്കിങ്ങിനായി 21 ദിവസം വരെ കാത്തിരിക്കേണ്ടി വരും. വെള്ളിയാഴ്ച മുതൽ ഈ നിയന്ത്രണം രാജ്യവ്യാപകമായി പ്രാബല്യത്തിൽ വന്നു. വിപണിയിലെ അനാവശ്യമായ പരിഭ്രാന്തി ഒഴിവാക്കാനും സിലിണ്ടറുകളുടെ ദുരുപയോഗം തടയാനുമാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി.
