Zygo-Ad

ഉയിര്‍പ്പിന്റെ പ്രത്യാശയില്‍ ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ക്ക് ഇന്ന് ഈസ്റ്റര്‍; പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷയും

 


മാന്യ വായനക്കാർക്ക് ഓപ്പൺ മലയാളം ന്യൂസ് നെറ്റ് വർക്കിന്റെ ഈസ്റ്റർ ദിന ആശംസകൾ ❤️

ഉയിർപ്പിന്റെ പ്രത്യാശയില്‍ ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്‍റെ ഓർമ പുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും നടന്നു.

50 നോൻപ് പൂർത്തിയാക്കിയ വിശ്വാസികള്‍ക്കിന്ന് ആഘോഷദിവസമാണ്.ഇന്നലെ വൈകുന്നേരം തുടങ്ങിയ പ്രാർത്ഥനകളും ശുശ്രൂഷകളും നേരം പുലരും വരെ തുടർന്നു.

 മരണത്തെ തോല്‍പ്പിച്ച്‌ ഉയർത്തെഴുന്നേറ്റ നമ്മുടെ നാഥന്റെ സാന്നിദ്ധ്യം ഒരുദിവസം മാത്രമല്ല, ഒരായുഷ്ക്കാലം മുഴുവനും നിലനിർത്താൻ കഴിഞ്ഞാല്‍ മാത്രമേ നമ്മുടെ ജീവിതത്തില്‍ ശാന്തിയും, സമാധാനവും നിലനില്‍ക്കു! നീതിക്കുവേണ്ടി മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ നിശബ്ദമായി സ്വയമേറ്റു വാങ്ങി ജീവൻ വെടിയേണ്ടി വന്ന നിരപരാധിയുടെ ത്യാഗ പ്രാർത്ഥനപോലെ ശക്തമായ ഒരപേക്ഷയും ഇന്നോളം ദൈവസന്നിധിയില്‍ എത്തിയിട്ടില്ല എന്ന തിരിച്ചറിവാണ് ദുഖവെള്ളിയിലെ പ്രാർത്ഥനാ സാഫല്യമായ ഈസ്റ്റർ നമ്മോട് മന്ത്രിക്കുന്നത്.

അരാജകത്വത്തിന്റെ അരക്ഷിതാവസ്ഥയിലേക്ക്‌ അധപ്പതിച്ചു പോകുമായിരുന്ന ഒരു ജനതക്ക് സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും നൂറ്റാണ്ടുകള്‍ പ്രാർത്ഥനയിലൂടെയാണ് സാധ്യമാക്കി തന്നത് എന്ന മഹാസന്ദേശം കൂടിയാണ് ഈസ്റ്റർ നമുക്ക്‌ പകർന്നു തരുന്നത്.

ക്രിസ്തുവിന്റെ മരണം നീസാൻ മാസം 14ന് ആയിരുന്നു എന്ന് വിശ്വസിച്ചു വരുന്നു. അതിനാല്‍, നീസാൻമാസം 14ന് ശേഷം വരുന്ന ഞായർ ഉത്ഥാനപ്പെരുന്നാളായി ആഘോഷിക്കണമെന്ന് ക്രി.വ. 325ല്‍ സഭകള്‍ തീരുമാനിച്ചു. വസന്തകാലത്ത് മാർച്ച്‌-ഏപ്രില്‍ മാസങ്ങളിലായിട്ടാണ് നിസാൻ വരുന്നത്. സൂര്യൻ ഭൂമദ്ധ്യ രേഖയില്‍ വരുന്ന മാർച്ച്‌ 21ന് ശേഷം വരുന്ന പൂർണചന്ദ്രന് ശേഷം വരുന്ന ആദ്യ ഞായർ ഈസ്റ്ററായി നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. നമ്മുടെ മലയാളക്കരയിലെ ഋതുക്കളുടെ കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ നമ്മുടെ വിഷുവും, റംസാനും, ഈസ്റ്ററും കൈ കള്‍ കോർത്തുപിടിച്ചു വന്ന് മനുഷ്യനന്മകളുടെ നിറവുള്ള ചിത്രങ്ങള്‍ നമ്മുക്ക് സമ്മാനിച്ചാണ് നമ്മുടെ മാർച്ച്‌-ഏപ്രിലുകള്‍ കടന്നുപോകുന്നത്. 

നമ്മളെല്ലാവരുമൊന്നാണ് എന്നൊരു ചിന്തയെ മാത്രം നെഞ്ചോട് ചേർത്തു പിടിച്ച്‌ അവയെ വരവേല്‍ക്കുന്നതാണ് നമ്മുടെ സംസ്ക്കാരം. ഇനിവരുന്ന തലമുറകള്‍ക്കു കൂടി വെളിച്ചമാകുന്ന നിലയില്‍ നമുക്കാനന്മയുടെ ദീപം തിരിതെളിച്ചുവെക്കാം. 

 

വളരെ പുതിയ വളരെ പഴയ