Zygo-Ad

മംഗളൂരുവില്‍ കള്ളക്കടത്ത്‌ സ്വർണ ഇടപാടിൽ മലയാളികളെ കൊന്ന് കാസര്‍ഗോഡ് കുഴിച്ചിട്ടു ; മൂന്നു മലയാളികൾക്ക് ജീവപര്യന്തം തടവ്

 

കള്ളക്കടത്ത്‌ സ്വർണ ഇടപാടിൽ മലയാളികളായ രണ്ടു യുവാക്കളെ മംഗളൂരുവിൽ കഴുത്തറുത്ത്‌ കൊന്ന്‌ കാസര്‍ഗോഡ് കുഴിച്ചിട്ട കേസിൽ മൂന്നു മലയാളികൾക്ക് ജീവപര്യന്തം തടവ്. മംഗളൂരു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്‌.

കള്ളക്കടത്ത് സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട് മലയാളികളായ രണ്ടുപേരെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ ചെർക്കളയിലെ മുനാഫത്ത്‌ മുനാഫർ സനാഫ്‌ (36), അണങ്കൂർ ടിപ്പു നഗറിലെ മുഹമ്മദ്‌ ഇർഷാദ്‌ (35), മുഹമ്മദ്‌ സഫ്‌വാൻ (34) എന്നിവരെയാണ്‌ മംഗളൂരു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനും 10000 രൂപ പിഴയടക്കാനും വിധിച്ചത്.തലശേരി സൈദാർപ്പള്ളി ആമൂസിൽ നഫീർ (24), കോഴിക്കോട്‌ കുറ്റിച്ചിറ തൃക്കോവിൽ പള്ളി മമ്മുവിന്റെ മകൻ ഫഹിം (25) എന്നിവരെ 2014 ജൂലൈ ഒന്നിന്‌ മംഗളൂരു അത്താവാറിലെ ഫ്ലാറ്റിലാണ്‌ കൊലപ്പെടുത്തിയത്. മൃതദേഹങ്ങൾ ഒരാഴ്‌ച കഴിഞ്ഞ്‌ ബേഡകം കുണ്ടംകുഴി മരുതടുക്കത്തെ ശങ്കരംകാട്ടെ മലഞ്ചെരുവിൽ കുഴിച്ചിട്ട നിലയിലാണ്‌ കണ്ടെത്തിയത്‌. പ്രതികൾ വിലകൊടുത്ത്‌ വാങ്ങിയ ഉൾനാട്ടിലെ സ്ഥലത്ത്‌ മൃതദേഹം കുഴിച്ചിട്ട്‌ നികത്തി തെങ്ങിൻ തൈയും വച്ചിരുന്നു. 2013 നവംബറിലാണ്‌ ദുബായിൽ നിന്ന് മൂന്നുകിലോ സ്വർണവുമായെത്തിയ ഗൾഫിൽ നിന്നെത്തിയ യുവാക്കൾ സ്വർണം കള്ളക്കടത്തുകാർക്ക്‌ നൽകാതെ യുവാക്കൾ പ്രതികൾക്ക്‌ നൽകി പണമാക്കി മാറ്റി. ഇക്കാര്യം കള്ളക്കടത്തുസംഘം അറിയുമെന്ന്‌ ഭയന്നാണ്‌ യുവാക്കളെ അത്താവാറിലെ ഫ്ലാറ്റിൽ വിളിച്ചു വരുത്തി കൊന്നത്‌. കഴുത്തറുത്ത് കൊന്ന്‌ രണ്ട് ചാക്കിലായി കെട്ടിയാണ് കാറിൽ കാസർകോട്ടേക്ക്‌ കൊണ്ടുവന്നത്.

മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ചിന്‌ കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ്‌ പ്രതികളിലേക്ക്‌ പൊലീസ്‌ എത്തുന്നത്‌. മംഗളൂരു പൊലീസ്‌ സ്ഥലത്തെത്തി മരുതടുക്കത്ത്‌ നാട്ടുകാരുടെ സഹായത്തോടെയാണ്‌ മൃതദേഹങ്ങൾ കുഴിച്ചെടുത്തത്‌.

വളരെ പുതിയ വളരെ പഴയ