Zygo-Ad

കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ കളിക്കളം തളിപ്പറമ്പില്‍


തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ കളിക്കളം തളിപ്പറമ്പില്‍ ഒരുങ്ങുന്നു. തളിപ്പറമ്പ് എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ ഉടമസ്‌ഥതയിലുള്ള ഉണ്ടപ്പറമ്പ് മൈതാനമാണ്‌ നവീകരിച്ച്‌ ആധുനിക സൗകര്യമുള്ള വിശാലമായ കളിക്കളമാവുന്നത്‌.

അഞ്ച്‌ ഏക്കര്‍ 35 സെന്റ്‌ വിസ്‌തൃതിയില്‍ നഗര മധ്യത്തിലുള്ള ഉണ്ടപ്പറമ്പ് മൈതാനത്തില്‍ പുതിയ കളിക്കളം ഒരുങ്ങുന്നതോടെ കായിക രംഗത്ത്‌ തളിപ്പറമ്പിന്റെ പ്രൗഢി വര്‍ധിക്കും.

കഴിഞ്ഞ 128 വര്‍ഷമായി തളിപ്പറമ്പ് പോലീസ്‌ സ്‌റ്റേഷന്‌ മുന്‍വശത്തുള്ള ഉണ്ടപ്പറമ്പ് മൈതാനം മൂത്തേടത്ത്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ സ്‌പോര്‍ട്‌സ് ഗ്രൗണാണ്‌. രണ്ടര ഏക്കറായിരുന്നു അന്ന്‌ ഉപയോഗപ്പെടുത്തിയിരുന്നത്‌. 

നഗരത്തിലെ എല്ലാ കായികമേളകളും എക്‌സിബിഷനുകളും സര്‍ക്കസ്‌ മുതലായ കലാ പ്രകടനങ്ങള്‍ക്കും രാഷ്ര്‌ടീയ പാര്‍ട്ടികളുടെ പടുകൂറ്റന്‍ സമ്മേളനങ്ങള്‍ക്കും മൈതാനം വേദിയായിരുന്നു. മൂത്തേടത്ത്‌ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന തളിപ്പറമ്പ് എജ്യുക്കേഷന്‍ സൊസൈറ്റി സ്‌ക്കൂള്‍ മാനേജരായി തളിപ്പറമ്പിലെ പ്രമുഖ അഭിഭാഷകന്‍ വിനോദ്‌ രാഘവനെ നിയമിച്ചതോടെയാണ്‌ ഉണ്ടപ്പറമ്പ് മൈതാനം നവീകരിക്കാന്‍ സ്‌ക്കൂള്‍ ഭരണ സമിതി തീരുമാനമെടുത്തത്‌.

കാടുപിടിച്ചു കിടന്ന സ്‌ഥലം മണ്ണ്‌ നീക്കം ചെയ്‌ത് 5.35 ഏക്കറായി വികസിപ്പിച്ചു. ക്രിക്കറ്റ്‌, ഫുട്‌ബോള്‍, വോളിബോള്‍ പരിശീലനങ്ങള്‍ക്കായി ഇവിടെ 20 സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ക്രിക്കറ്റ്‌ പരിശീലനം തുടങ്ങിക്കഴിഞ്ഞു. മറ്റ്‌ പരിശീലനങ്ങള്‍ മെയ്‌ മാസത്തോടെ തുടങ്ങും.

ടിക്കറ്റ്‌ വെച്ചുള്ള കായിക മത്സരങ്ങള്‍ ഒഴികെ മറ്റ്‌ കായിക മത്സരങ്ങള്‍ക്ക്‌ ഗ്രൗണ്ട്‌ സൗജന്യമായി അനുവദിക്കും. ഇത്‌ കൂടാതെ ചുറ്റുമതില്‍ നിര്‍മച്ച്‌ ആവശ്യമായ ഹൈമാസ്‌റ്റ് ലാമ്പുകള്‍ സ്‌ഥാപിച്ച്‌ രാത്രിയിലും രാവിലെയും സവാരിക്കാര്‍ക്ക്‌ നടക്കാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും. 60 ലക്ഷം രൂപയാണ്‌ മൈതാന നവീകരണത്തിനായി തളിപ്പറമ്പ് എജ്യുക്കേഷന്‍ സൊസൈറ്റി ചെലവഴിക്കുന്നത്‌. മെയ്‌ മാസത്തില്‍ ഉദ്‌ഘാടനം നടത്താനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ സ്‌ക്കൂള്‍ മാനേജര്‍ അഡ്വ. വിനോദ്‌ രാഘവന്‍ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ